അച്ഛന്‍ ജോലിക്ക് കൂടെ കൊണ്ടു പോയില്ല; പത്തു വയസ്സുകാരൻ ആത്മഹത്യ ചെയ്തു

അച്ഛന്‍ ജോലിക്ക് കൂടെ കൊണ്ടു പോകാത്തതില്‍ മനംനൊന്ത് പത്ത് വയസ്സുകാരൻ ആത്മഹത്യ ചെയ്തു. കുട്ടിയുടെ അമ്മ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ മകനെ കണ്ടത്.

നോയിഡയിലെ നിതാരി വില്ലേജില്‍ ബുധനാഴ്ച രാവിലെയാണ് പത്ത് വയസുകാരന്‍ ആത്മഹത്യ ചെയ്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. തൊട്ടടുത്ത സര്‍ക്കാര്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി ബുധനാഴ്ച ക്ലാസില്‍ പോയിരുന്നില്ല.

കുട്ടിയുടെ അച്ഛന്‍ ശിവന്‍ദാസ് ഓട്ടോറിക്ഷ ഡ്രൈവറും അമ്മ രാഖി നോയിഡയിലെ സെക്ടര്‍ 25- ല്‍ വീട്ടുജോലിക്കാരിയുമാണ് . മരിച്ച കുട്ടി അവരുടെ ഏകമകനായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവം നടക്കുന്ന സമയം കുട്ടി ഒറ്റയ്ക്കാണ് വീട്ടിലുണ്ടായിരുന്നത് . ശിവന്‍ദാസ് രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങുമ്പോൾ തന്നെയും കൊണ്ടു പോകാന്‍ കുട്ടി ആവശ്യപ്പെട്ടു. മഴ പെയ്യുന്നതിനാല്‍ ശിവന്‍ദാസ് ആവശ്യം നിരസിക്കുകയായിരുന്നു. ഇതെതുടര്‍ന്ന് കുട്ടി ആത്മഹത്യ ചെയ്യുമെന്ന ഭീഷണിപ്പെടുത്തിയിരുന്നതായി സെക്ടര്‍ 20 പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ രാജ്‌വീര്‍ സിംഗ് ചൗഹാന്‍ പറഞ്ഞു.

എന്നാല്‍ ശിവന്‍ദാസ് ജോലിക്ക് പോകുന്ന സമയം കുട്ടിക്ക് കുറച്ച് പണം നല്‍കുകയും പിന്നീടൊരിക്കല്‍ കൊണ്ടു പോകാമെന്ന് സമ്മതിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു.

കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരിച്ചിരുന്നു.