തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മാധ്യമ പ്രവർത്തകരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

കോവിഡ് ബാധിച്ച് മരിക്കുന്ന മാധ്യമപ്രവർത്തകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നേരത്തെ അഞ്ച് ലക്ഷം രൂപയായിരുന്ന ധനസഹായമാണ് ഇപ്പോൾ 10 ലക്ഷമായി ഉയർത്തിയത്. ഇതുകൂടാതെ, കോവിഡ് സാഹചര്യത്തിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കുള്ള ഇൻസെന്റീവ് 3000ൽ നിന്ന് 5000 രൂപയായും ഉയർത്തി.

സർക്കാരിനും ജനങ്ങൾക്കും ഇടയിൽ പാലമായി പ്രവർത്തിക്കുന്നവരാണ് മാധ്യമപ്രവർത്തകർ എന്ന് എം.കെ സ്റ്റാലിൻ പറഞ്ഞു. നിരവധി തടസ്സങ്ങൾ മറികടന്നാണ് മാധ്യമപ്രവർത്തകർ കോവിഡ് കാലത്ത് ജോലിചെയ്യുന്നത്. ജനങ്ങളെ ബോധവൽക്കരിക്കുന്നതിലും പ്രധാനപ്പെട്ട വാർത്തകളും വിവരങ്ങളും അവരിലേക്ക് എത്തിക്കുന്നതിലും മാധ്യമപ്രവർത്തകർക്ക് നിർണായകമായ പങ്കുണ്ട് എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Read more

മാധ്യമപ്രവർത്തകർ സ്വന്തം സുരക്ഷ കൂടി പരിഗണിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകരെ കോവിഡ് മുൻനിര പോരാളികളായി പ്രഖ്യാപിച്ചിരുന്നു.