പ്രതിദിന കോവിഡ് കേസുകള്‍ 1.68 ലക്ഷം, ഒമൈക്രോണ്‍ 4,461

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,063 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 277 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,84,213 ആയി ഉയര്‍ന്നു.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ശതമാനമായി കുറഞ്ഞു. ഇന്നലെ ഇത് 13.29 ശതമാനം ആയിരുന്നു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 8.85 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,959 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 96.36 ശതമാനമാണ്. നിലവില്‍ സജീവ കേസുകളുടെ എണ്ണം 8,21,446 ആണ്. മൊത്തം കേസുകളുടെ 2.29 ശതമാനമാണിത്.

രാജ്യത്ത് ഇതുവരെ 152.89 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഒമ്പത് ലക്ഷത്തിലധികം ആരോഗ്യ, മുന്‍നിര തൊഴിലാളികള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള 60 വയസ്സ് കഴിഞ്ഞവര്‍ക്കും കോവിഡ് മൂന്നാം ഡോസായ മുന്‍കരുതല്‍ ഡോസ് നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 4,461 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗകളുള്ളത്. 1,247 കേസുകള്‍. ഇതിനു പിന്നാലെ രാജസ്ഥാന്‍ 645, ഡല്‍ഹി 546 എന്നിങ്ങനെയാണ് കണക്കുകള്‍. ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. പരിശോധിക്കുന്ന നാലില്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തുകയാണ്.

കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധനവിനുള്ള പ്രധാന കാരണം ഡെല്‍റ്റക്കു പുറമെ ഒമൈക്രോണിന്റെ കൂടി വ്യാപനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണം നിലവില്‍ കുറവാണെങ്കിലും ഓക്‌സിജന്‍, തീവ്ര പരിചരണത്തിനുള്ള കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിവ സജ്ജമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയട്ടുണ്ട്. മൂന്നാം തരംഗത്തിന്റെ ഇപ്പോഴത്തെ ഘട്ടത്തില്‍ 5 മുതല്‍ 10 ശതമാനം വരെ രോഗികളെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നത്. എന്നാല്‍ ഈ സ്ഥിതി മാറിയേക്കാമെന്നും, ജാഗ്രത തുടരാനും കേന്ദ്രം നിര്‍ദ്ദേശം നല്‍കി.