വീണാ ജോര്‍ജ്ജിന് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പത്തനംതിട്ട കൊടുമണ്‍ അങ്ങാടിക്കലില്‍ മന്ത്രിയുടെ വീടിന് സമീപമായിരുന്നു പ്രതിഷേധം. വീണാ ജോര്‍ജിന്റെ കാറിന് നേരെ പ്രവര്ഡത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദജിവസം അടിച്ചു തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ കേസില്‍ പ്രതിയായ ആള്‍ ഒരു മാസം മുമ്പേ ഒഴിഞ്ഞിരുന്നുവെന്നായിരുന്നു വീണാ ജോര്‍ജ് വിശദീകരിച്ചിരുന്നത്. എന്നാല്‍ ആ വാദം തെറ്റാണെന്ന രേഖകളും പുറത്തു വന്നിരുന്നു.

കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്ന കെ ആര്‍ അവിഷിത്തിനെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയതിന്റെ ഉത്തരവ് ഇന്നാണ് ഇറങ്ങിയത്. അവിഷിത്ത് ഏറെ നാളായി ഓഫീസില്‍ ഹാജരാകുന്നില്ല. അതിനാല്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്‌വീണ ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് ഇന്ന് പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയത്. ഈ മാസം 15 മുതല്‍ അവിഷിത്ത് ഓഫീസില്‍ എത്തുന്നില്ലെന്നാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

അതേസമയം വയനാട്ടില്‍ കോണ്‍ഗ്രസ് ആയിരക്കണക്കിന് ആളുകളെ അണിനിരത്തി പ്രതിഷേധറാലി സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ മുരളീധരന്‍, കെസി വേണുഗോപാല്‍, എംകെ രാഘവന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളടക്കം റാലിയില്‍ പങ്കെടുത്തു. സിവില്‍ സ്റ്റേഷന്‍ പരിസരത്തെ എംപി ഓഫീസില്‍ നിന്നും ആരംഭിച്ച റാലി പിണങ്ങോട് വരെ നീണ്ടു. റാലിക്കിടെ പലയിടത്ത് വെച്ചും കോണ്‍ഗ്രസ് മുസ്ലിം ലീഗ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസിനെ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമവും നടന്നു. പിണറായിയും കൂട്ടരും അക്രമം നിര്‍ത്തി മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്ന് ടി.സിദ്ദിഖ് എംഎല്‍എ പറഞ്ഞു.