മദ്യം വാങ്ങുന്നതിനെ പറ്റി തര്‍ക്കം; കായംകുളത്ത് യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച ശേഷം കാറ് കയറ്റി കൊന്നു

Advertisement

ബാറിന് മുമ്പിലുണ്ടായ തര്‍ക്കം യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചു. കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരയ്ക്കല്‍ താജ്ജുദ്ദീന്റെ മകന്‍ ഷെമീര്‍ഖാന്‍(25) ആണ് മരിച്ചത്. ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ഷെമീര്‍ ഖാന്റെ തലയിലൂടെ കാര്‍ കയറ്റിയിറക്കുകയായിരുന്നു. തലച്ചോര്‍ പൊട്ടിച്ചിതറിയ ഇയാള്‍ തല്‍ക്ഷണം മരിച്ചു.

സംഭവത്തിലെ ഒരു പ്രതി കായംകുളം കണ്ണമ്പള്ളിഭാഗം വലിയവീട്ടില്‍ ഷിയാസിനെ(21) അറസ്റ്റ് ചെയ്തു. കിളിമാനൂരിലെ കുപ്രസിദ്ധ ഗുണ്ടയായ കിളിമാനൂര്‍ സുഭാഷിന്റെ താവളത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാറും പൊലീസ് പിടിച്ചെടുത്തു. മറ്റ് പ്രതികള്‍ രക്ഷപ്പെട്ടു. നിരവധി കേസുകളില്‍ പ്രതിയാണ് സുഭാഷ്. നേരത്തെ ഇയാള്‍ കായംകുളം എരുവയില്‍ വാടകയ്ക്ക് താമസിച്ചിരുന്നപ്പോള്‍ മുതല്‍ പ്രതികള്‍ക്ക് ഇയാളുമായി അടുപ്പമുണ്ട്. പിന്നീട് കിളിമാനൂരിലേക്ക് താമസം മാറ്റിയ ശേഷവും അടുപ്പം തുടര്‍ന്നു. ഇക്കാര്യം പൊലീസിന് അറിയാമായിരുന്നു. പ്രതികള്‍ കിളിമാനൂരിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ സുഭാഷിന്റെ താവളത്തിലായിരിക്കുമെന്ന് പൊലീസ് ഉറപ്പിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

വിവരമറിയച്ചതിനെ തുടര്‍ന്ന് കിളിമാനൂര്‍ പോലീസും കായംകുളം പൊലീസും കായംകുളം ട്രാഫിക് പൊലീസ് ടീമും സ്ഥലത്തെത്തിയതറിഞ്ഞ് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഷിയാസ് പിടിയിലായി. ഇവിടെ നിന്നാണ് കാറും കണ്ടെത്തിയത്. മറ്റ് പ്രതികള്‍ രക്ഷപ്പെട്ടു.

വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഷെമീര്‍ഖാന്‍ രണ്ടാഴ്ച മുമ്പാണ് അവധിക്ക് വീട്ടിലെത്തിയത്. സെപ്തംബര്‍ എട്ടിന് ഇയാളുടെ വിവാഹം തീരുമാനിച്ചിരുന്നതാണ്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ ദേശീയപാതയോരത്ത് ചിറക്കടവത്തെ ബാറിന് സമീപത്തെ റോഡിലാണ് സംഭവം. ബാര്‍ അടച്ച ശേഷം രണ്ട് ബൈക്കുകളിലായി എത്തിയ ഷെമീര്‍ഖാനും സുഹൃത്തുക്കളും അടങ്ങുന്ന അഞ്ചംഗ സംഘവും കാറിലെത്തിയ ഷിയാസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘവും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. വിഷ്ണു, പ്രവീണ്‍, സച്ചിന്‍, സഞ്ജയ് എന്നിവരാണ് ഷെമീര്‍ഖാന് ഒപ്പമുണ്ടായിരുന്നത്.

കൊറ്റുകുളങ്ങര സ്വദേശികളായ അജ്മല്‍(20), സഹില്‍ താജ്(21) എന്നിവരായിരുന്നു ഷിയാസിനൊപ്പമുണ്ടായിരുന്നത്. ബാര്‍ അടച്ചതിനാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ മുഖേന മദ്യം വാങ്ങാനായിരുന്നു ശ്രമം. ഷെമീര്‍ഖാനും സംഘവും ഇതുസംബന്ധിച്ച് വിലപേശി നില്‍ക്കുമ്പോഴാണ് ഷിയാസും കൂട്ടുകാരും എത്തിയത്. വിലപേശല്‍ നീളുന്നതിനെ ഷിയാസും സംഘവും ചോദ്യം ചെയ്തു. ഇതേ തുടര്‍ന്നാണ് തര്‍ക്കം തുടര്‍ന്നത്. തര്‍ക്കം സംഘടനത്തില്‍ കലാശിച്ചു.

തുടര്‍ന്ന് ബാറിന് വടക്ക് വശത്തുള്ള റോഡിലേക്ക് ഷെമീര്‍ഖാനും സംഘവും ഓടി മാറി. ഷിയാസും കൂട്ടരും കാര്‍ പിന്നിലേക്കെടുത്ത് ഇവരെ ഇടിക്കാന്‍ ശ്രമിച്ചു. കാര്‍ ചക്രം കയറി സഞ്ജയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ അജ്മല്‍ ഷെമീര്‍ഖാന്റെ തലയില്‍ ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയും നിലത്ത് വീണ ഇയാളുടെ തലയിലൂടെ വണ്ടി കയറ്റുകയുമായിരുന്നു. അജ്മല്‍ ആണ് കാറോടിച്ചിരുന്നതെന്ന് ഷെമീര്‍ഖാന് ഒപ്പമുള്ളവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.