അഞ്ച് രൂപക്ക് കൊച്ചി മെട്രോയില്‍ എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം!

അഞ്ച് രൂപക്ക് കൊച്ചി മെട്രോയില്‍ എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാമെന്ന ഓഫറുമായി കെഎംആര്‍എല്‍. കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ചതിന്റെ അഞ്ചാം വാര്‍ഷികമായ ജൂണ്‍ 17നാണ് യാത്രക്കാര്‍ക്കുള്ള ഈ ഓഫര്‍.

ഒരു യാത്രക്ക് മാത്രമായിരിക്കും ഈ ഓഫര്‍. നിലവില്‍ മെട്രോ കാര്‍ഡുള്ളവര്‍ക്ക് അന്ന് കൗണ്ടര്‍ ടിക്കറ്റ് എടുത്താല്‍ ഈ ഓഫര്‍ കിട്ടും. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷമാക്കാനാണ് ഇതുവഴി കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്.

എസ്എന്‍ ജംഗ്ഷന്‍ വരെ മെട്രോ സര്‍വ്വീസ് നീട്ടുന്നതോടെ യാത്രക്കാര്‍ ഇനിയും കൂടുമെന്നാണ് കെഎംആര്‍എല്‍ കരുതുന്നത്. മെട്രോ സര്‍വ്വീസുകള്‍ തൃപ്പുണിത്തുറ എസ്എന്‍ ജംഗ്ഷന്‍ വരെ നീട്ടിയാലും നിരക്ക് കൂട്ടില്ല.

ആലുവ മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെ 60 രൂപക്ക് യാത്രാ ചെയ്യാം. നിലവില്‍ ആലുവ മുതല്‍ പേട്ട വരെയുള്ള ഒന്നാം ഘട്ട മെട്രോ സര്‍വ്വീസിന് ഈ ചാര്‍ജ് തന്നെയാണ് ഈടാക്കുന്നത്.