അഫ്സല്‍ ഗുരുവിനെയും യാക്കൂബ് മേമനെയും എല്ലാം ഓര്‍ക്കുമ്പോള്‍ നാം മറന്നുപോകുന്ന ചിലരുണ്ട്, മനുഷ്യാവകാശങ്ങള്‍ക്ക് ശ്രമിക്കുകയും കൊല്ലപ്പെടുകയും ചെയ്തവര്‍: ആനന്ദ്

അഫ്‌സല്‍ ഗുരു, മഖ്ബൂല്‍ ഭട്ട്, യാക്കൂബ് മേമന്‍ ഇവര്‍ക്കൊക്കെ വധശിക്ഷ നല്‍കിയതെല്ലാം ചര്‍ച്ചയാവുമ്പോള്‍ മനുഷ്യാവകാശങ്ങള്‍ക്ക് ശ്രമിക്കുകയും കൊല്ലപ്പെടുകയും ചെയ്തവരെ നമ്മള്‍ മറക്കുകയും ചെയ്യുന്നെന്ന് എഴുത്തുകാരന്‍ ആനന്ദ് പറഞ്ഞു. 2019-ലെ എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവായ ആനന്ദ് മാതൃഭൂമി ആഴ്ചപതിപ്പില്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

അഫ്‌സല്‍ ഗുരു, മഖ്ബൂല്‍ ഭട്ട്, യാക്കൂബ് മേമന്‍ ഇവര്‍ക്കൊക്കെ വധശിക്ഷ നല്‍കിയത് ചര്‍ച്ചയാണ്. വധശിക്ഷ കൊടുക്കണമായിരുന്നോ, അതോ മറ്റ് ശിക്ഷകളാണോ നല്‍കേണ്ടിയിരുന്നത് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അവരുടെ കുറ്റങ്ങള്‍ എത്രമാത്രം കഠിനമായിരുന്നു? അതോ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നോ? തുടങ്ങിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അവരൊന്നും വിശുദ്ധര്‍ ഒന്നും ആയിരുന്നില്ല. കാടിനെ കണ്ടിട്ട് മരത്തെ കാണരുത് എന്ന് പറയുന്നതു പോലെ, മറിച്ച് മരത്തെ കണ്ടിട്ട് കാടിനെ കാണാതിരിക്കരുത്. ഇവരെല്ലാം ചിലത് ചെയ്തിട്ടുണ്ട്. അതിന്റെ തോത് വ്യത്യസ്തമായിരിക്കാം. They are committed crime against humanity. അതില്‍ സംശയമില്ല.

ഇവരെ കുറിച്ച് ആലോചിച്ച് നമ്മള്‍ ഉത്തേജിതരാകുമ്പോള്‍, അപ്പുറത്ത് നമ്മള്‍ തീരെ മറന്നു പോകുന്ന ചില ആളുകളുണ്ട്. അങ്ങേയറ്റം മനുഷ്യാവകാശങ്ങള്‍ക്ക് ശ്രമിക്കുകയും കൊല്ലപ്പെടുകയും ചെയ്തവര്‍. വലിയ നിര ആളുകളുണ്ട്. കശ്മീരില്‍ തന്നെ. അവര്‍ വാസ്തവത്തില്‍ മനുഷ്യര്‍ക്കു വേണ്ടി, മനുഷ്യത്വത്തിനുവേണ്ടി ശ്രമിച്ചവരാണ്. ഞാന്‍ ഒരിക്കല്‍ ഇവരുടെ പട്ടിക ഉണ്ടാക്കാന്‍ ശ്രമിച്ചു. ഇവരെ ആരും അനുസ്മരിക്കുന്നില്ല. പ്രൊഫ. മുഷിറുള്‍ ഹഖ്, പ്രൊഫ. അബ്ദുള്‍ അഹമ്മദ് വാണി, വാഞ്ചു തുടങ്ങിയവര്‍. ഈ ആളുകളെല്ലാം കൊല്ലപ്പെട്ടു. ഇവര്‍ കൊല്ലപ്പെട്ട ദിവസങ്ങളല്ലേ നമ്മള്‍ അനുസ്മരിക്കേണ്ടത്?

കഥകളി പഠിക്കാന്‍ കേരളത്തില്‍ വന്നിട്ട് കശ്മീര്‍ കാണാന്‍ പോയി അവിടെ വെച്ച് ഭീകരവാദികള്‍ കൊലപ്പെടുത്തിയ ഒരു നോര്‍വീജീയനെ ഓര്‍മ്മയില്ലേ? വളരെ ലളിതമനസ്‌കനായ ഒരു കലാകാരനുണ്ടായ ദുരന്തമാണത്. അയാളുടെ മരണദിവസം അനുസ്മരിച്ചുകൂടേ? അസമിലെ ഭീകരവാദികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച സഞ്ജയ് ഘോഷ്, ദത്താ സാമന്ത്, ശങ്കര്‍ ഗുഹാ നിയോഗി തുടങ്ങിയവരെ അനുസ്മരിക്കേണ്ടതല്ലേ? തൊഴിലാളി യൂണിയനുകളില്‍ ധാര്‍മ്മികതയും അഹിംസയും കൊണ്ടുവരാന്‍ ശ്രമിച്ച രണ്ട് ഉദാഹരണങ്ങളാണ് ദത്താ സാമന്തും നിയോഗിയും.

തൊഴിലാളിസംഘടനകളെ മനുഷ്യാവകാശ പ്രസ്ഥാനമാക്കി മാറ്റിയവര്‍. ഇവരെ കൊന്നവരെ ഇതുവരെ പിടികൂടിയിട്ടില്ല. പിടിക്കാന്‍ ആഗ്രഹിച്ചിട്ടില്ല എന്നതാണ് സത്യം. ശിവസേനയും ബി.ജെ.പി.യുമൊക്കെ തന്നെയാണ് ദത്താ സാമന്തിനെ കൊന്നതിന് പിന്നിലുള്ളത്. ഇവര്‍ കൊല്ലപ്പെട്ട ദിവസങ്ങള്‍ നമ്മുടെ തൊഴില്‍മേഖലകളെങ്കിലും അനുസ്മരിക്കേണ്ടതല്ലേ? ഇവര്‍ മറക്കപ്പെടേണ്ട ആളുകളല്ല. സംഘടനകള്‍ക്ക് സാധിക്കാത്ത ഒന്നാണ് ധാര്‍മ്മികത. അത് സാധിക്കുന്നവര്‍ വ്യക്തികളാണ്. നിയോഗിയും സാമന്തയും പാര്‍ട്ടികളില്ലാതെ വ്യക്തികള്‍ എന്ന നിലയ്ക്കാണ് ട്രേഡ് യൂണിയന്‍ മൂവ്മെന്റ്സ് നടത്തിയത്. പാര്‍ട്ടികളുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേനെ. അതേസമയം തന്നെ അവര്‍ക്ക് വിജയകരമായി നീങ്ങാന്‍ കഴിഞ്ഞു, പരാജയപ്പെടുകയും ചെയ്തു. ഇവരുടെയൊക്കെ പരാജയം വാസ്തവത്തില്‍ പരാജയമല്ല. പരാജയം, വിജയം എന്ന തരത്തില്‍ ഗണിക്കാനാവില്ല.- ആനന്ദ് പറയുന്നു.