കേരളത്തെ ഒരു വർക്കേഷൻ ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിനുള്ള നടപടികൾ തുടരുന്നുവെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വർക്ക് + വെക്കേഷൻ എന്ന ആശയം ഉൾക്കൊണ്ടാണ് വർക്കേഷൻ ഡെസ്റ്റിനേഷനാക്കി മാറ്റാനുള്ള തയാറെടുപ്പ്. വർക്കേഷൻ എന്നത് ജോലി ചെയ്യുന്നതിനോടൊപ്പം വിനോദയാത്രയും ആസ്വദിക്കുന്ന പുതിയ പ്രവണതയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വർക്കേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ടൂറിസം വകുപ്പ് വിവിധ നടപടികൾ കഴിഞ്ഞ നാലു വർഷക്കാലമായി നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
വർക്ക് + വെക്കേഷൻ..
കേരളത്തെ ഒരു വർക്കേഷൻ ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിനുള്ള നടപടികൾ തുടരുന്നു..
വർക്കേഷൻ എന്നത് ജോലി ചെയ്യുന്നതിനോടൊപ്പം വിനോദയാത്രയും ആസ്വദിക്കുന്ന പുതിയ പ്രവണതയാണ്. ഇത് വ്യക്തികൾക്ക് തൊഴിലിൽ നിന്നും സമ്മർദം കുറയ്ക്കുകയും സൃഷ്ടിപരമായ ചിന്തയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ പ്രകൃതിസൗന്ദര്യം നിറഞ്ഞ സ്ഥലങ്ങൾ വർക്കേഷന് ഏറ്റവും അനുയോജ്യമായിടങ്ങളാണ്. വർക്കേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ടൂറിസം വകുപ്പ് വിവിധ നടപടികൾ കഴിഞ്ഞ നാലു വർഷക്കാലമായി നടത്തിവരുന്നുണ്ട്
കേരളത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വർക്കേഷൻ ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിൻ്റെ പദ്ധതിയുടെ ആലോചനാ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേർന്നു. ടൂറിസം ഡയറക്ടർ ഉൾപ്പെടെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ഐടി വകുപ്പ് സെക്രട്ടറി, കെ-ഫോൺ എം ഡി, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ, ഹോട്ടൽ ആൻഡ് റിസോർട്ട് അസോസിയേഷൻ പ്രതിനിധികൾ, ഇൻ്റെർനെറ്റ് സർവീസ് പ്രൊവൈഡേർസ്, കേരളത്തിലെ പ്രധാനപ്പെട്ട ഐ ടി പാർക്കുകളിൽ നിന്നുള്ള പ്രതിനിധികൾ, ഐ ടി എംപ്ലോയിസ് സംഘടന പ്രതിനിധികൾ, മറ്റു വിവിധ സർക്കാർ വകുപ്പു പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ വർക്കേഷൻ സൗകര്യങ്ങൾ മെച്ചെപ്പെടുത്തുന്നതിനായി സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനായി യോഗത്തിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. ജനുവരി മാസത്തോടു കൂടി വിശദമായ ഒരു വർക്കേഷൻ കരടു നയം രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്.