സിനിമ മേഖലയിലെ സ്ത്രീ സുരക്ഷ; നിയമത്തിന്റെ കരട് രേഖ തയ്യാറെന്ന് മന്ത്രി സജി ചെറിയാന്‍

സിനിമ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിയമ നിര്‍മ്മാണത്തിനുള്ള കരട് രേഖ തയ്യാറായതായി മന്ത്രി സജി ചെറിയാന്‍. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമ നിര്‍മ്മണം കൊണ്ടുവരുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. കരട് രേഖ തയ്യാറായെന്നും നിയമം എത്രയും പെട്ടെന്ന് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

അടൂര്‍ ഗോപാലകൃഷ്ണന്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നിയമനിര്‍മ്മാണം.

ഇക്കഴിഞ്ഞ മാര്‍ച്ച് 17ന് സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ സമിതി അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. സെറ്റുകളില്‍ പരാതി പരിഹാര സെല്‍ വേണമെന്നാവശ്യപ്പെട്ട് സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യൂ.സി.സി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ മൂടിവെക്കുകയാണെന്ന് ആരോപിച്ച് കെ.കെ.രമ സഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. പേര് വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് പകരം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൂടി വയ്ക്കുകയാണെന്നായിരുന്നു ആരോപണം.

എന്നാല്‍ ഇതിന് മറുപടിയായി വനിത സിനിമ പ്രവര്‍ത്തകരുടെ സ്വകാര്യത മാനിച്ചാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്.. സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ല.

റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് ജസ്റ്റിസ് കെ. ഹേമ ആവശ്യപ്പെട്ടിട്ടുണ്ട്.നിയമ നിര്‍മ്മണം കൊണ്ടുവരുമെന്നും അടുത്ത നിയമസഭ സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.