സദാചാര ഗുണ്ടായിസം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണറോട് നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. വനിതാ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പ്രസ്‌കബ്ബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മാധ്യമസ്ഥാപനങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.

Read more

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചെന്ന കേസില്‍ പ്രതിയായ പ്രസ്‌ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് ഉപരോധ സമരം നടത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ മീഡിയ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷന്റെ നടപടി.