സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പില്‍; പ്രചരിപ്പിച്ചത് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി

കൊച്ചിയില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി. എറണാകുളം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു എം.എ. ബിജുവാണ് അശ്ലീല വാട്‌സപ്പ് ഗ്രൂപ്പില്‍ നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചത് .

ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് താനാണെന്ന് ബിജു സമ്മതിക്കുന്ന ശബ്ദരേഖയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ബ്രാഞ്ച് സെക്രട്ടറിയെന്ന നിലയില്‍ തന്നെ കാണാന്‍ എത്തിയവരുടേതുള്‍പ്പെടെ നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിട്ടുണ്ടെന്ന് ഇരയായ വീട്ടമ്മയുടെ ഭര്‍ത്താവിനോട് ബിജു തുറന്നുപറഞ്ഞു.

പൊലീസിലേക്ക് പരാതി നീണ്ടതോടെ ബിജു അടവ് മാറ്റി. ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത് ഗ്രൂപ്പിലെ നിര്‍ദേശ പ്രകാരമെന്നാണ് ബിജു പറയുന്നത്. ചിത്രങ്ങളില്‍ മുഖം മറയ്ക്കുന്നുണ്ടെന്നും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ നേരിട്ടറിയില്ലെന്നും ബിജു പറയുന്നു.

സംഭവം പുറത്തുവന്നതിന് പിന്നാലെ ബ്രാഞ്ച് സെക്രട്ടറിയുടെ സ്ഥാനത്തുനിന്ന് ബിജുവിനെ പാര്‍ട്ടി പുറത്താക്കി.