'പൊതു ഇടം എന്റേതും'; രാത്രിയാത്രയ്‌ക്ക് ഒരുങ്ങി സ്ത്രീകള്‍; ശല്യപ്പെടുത്തുന്നവര്‍ കുടുങ്ങും

സ്ത്രീകളുടെ രാത്രി യാത്രയ്ക്ക് സുരക്ഷിതത്വമേകാന്‍ വനിത-ശിശുവികസന വകുപ്പിന്റെ പുതിയ പദ്ധതി. ഇതിനായി “പൊതു ഇടം എന്റേതും” എന്ന മുദ്രാവാക്യത്തോടെ നിര്‍ഭയ ദിനമായ 29 മുതല്‍ സ്ത്രീകള്‍ രാത്രിയാത്ര നടത്തും.

ആദ്യദിവസം മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പ്രദേശങ്ങളിലെ 100 കേന്ദ്രങ്ങളില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒന്നു വരെയാണു രാത്രിനടത്തം. ഒറ്റയ്ക്കോ രണ്ടോ മൂന്നോ അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘമായിട്ടാണു സ്ത്രീകള്‍ രാത്രിയാത്രയില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്കു കൈയെത്തും ദൂരത്തു സഹായം ലഭ്യമാക്കുന്നതിനു 200 മീറ്റര്‍ അകലത്തില്‍ 25 വൊളണ്ടിയര്‍മാരെയാണു വിന്യസിക്കുന്നത്.

ജില്ലാ വനിതാ ശിശു വികസന ഓഫിസര്‍ ചെയര്‍മാനായും അതതു മുനിസിപ്പല്‍, കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍/ ജനപ്രതിനിധി രക്ഷാധികാരിയായും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ജനമൈത്രി പൊലീസ്, റസിഡന്‍റ്സ് അസോസിയേഷന്‍, കുടുംബശ്രീ, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരും ഉള്‍പ്പെടും.

രാത്രിയാത്രയ്ക്കുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിനു മുമ്പ് പൊലീസിന്റെ സഹായത്തോടു കൂടി ക്രൈം സീന്‍ മാപ്പിംഗ് നടത്തുമെന്നു സാമൂഹിക നീതി സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ അറിയിച്ചു. ഈ സ്ഥലങ്ങളില്‍ തെരുവുവിളക്ക് ഉറപ്പാക്കും. സാധ്യമായിടത്ത് സിസി ടിവി ഘടിപ്പിക്കുന്നുണ്ട്. സ്ത്രീകളോടു മോശമായി പെരുമാറുമ്പോള്‍ പിടിയിലാകുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തു വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.