രോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച സംഭവം: അമ്മയെ അന്വേഷിച്ച് മകന്‍ എത്തി

ഇടുക്കി അടിമാലിയില്‍ രോഗം മൂലം അവശനിലയിലായ വീട്ടമ്മയെ കാറിനകത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ തേടി മകന്‍ എത്തി. കട്ടപ്പന സ്വദേശി മഞ്ജിത് ആണ് അമ്മ ലൈലാമണിയെ അന്വേഷിച്ചെത്തിയത്.
മാധ്യമങ്ങളില്‍ നിന്നും അമ്മയെ കാറില്‍ ഉപേക്ഷിച്ചുവെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മകന്‍ അമ്മയെ തേടി എത്തിയതെന്നാണ് വിവരം.

അതേസമയം രോഗിയായ ഭാര്യയെ കാറിനുള്ളില്‍ ഉപേക്ഷിച്ച ഭര്‍ത്താവ് കെജെ മാത്യുവിനെ ഇതുവരെയും പൊലീസ് കണ്ടെത്തിയിട്ടില്ല. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. ലൈലാമണിയുടെ ചികിത്സയ്ക്ക് എന്ന വ്യാജേന ഇയാള്‍ വ്യാപകമായി പണപ്പിരിവ് നടത്തിയിരുന്നതായി സ്പെഷല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്

കഴിഞ്ഞ ദിവസമാണ് ഇടുക്കി അടിമാലിയില്‍ രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് . രണ്ടുദിവസമാണ് വഴിയരികില്‍ ഉപേക്ഷിച്ച കാറില്‍ വീട്ടമ്മ കഴിഞ്ഞത്. അവശനിലയിലായ വീട്ടമ്മയെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. ശരീരം പാതി തളര്‍ന്ന ഇവര്‍ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.

വയനാട് തലപ്പുഴ വെണ്മണിയില്‍ ആയിരുന്നു ലൈലാമണിയും ഭര്‍ത്താവ് മാത്യുവും താമസിച്ചിരുന്നത്. കട്ടപ്പനയിലുള്ള മകന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ ഭര്‍ത്താവ് മാത്യു മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് പുറത്ത് പോയെന്നും പിന്നീട് തിരിച്ച് വന്നില്ലെന്നുമാണ് ലൈലാമണി പൊലീസിനോട് പറഞ്ഞത്.