കൃത്യനിര്‍വഹണത്തിന് ഒപ്പം കലയേയും ചേര്‍ത്തുപിടിച്ച് വനിതാ കളക്ടര്‍മാര്‍

തങ്ങളുടെ കൃത്യനിര്‍വഹണത്തിനൊപ്പം കലയേയും ചേര്‍ത്ത് പിടിക്കുന്നവരാണ് സംസ്ഥാനത്തെ വനിതാ കളക്ടര്‍മാരില്‍ ചിലര്‍. സംസ്ഥാനത്തെ പതിന്നാല് ജില്ലകളില്‍ പത്തിലും വനിതാ കളക്ടര്‍മാരാണ്. ഇവരില്‍ ചിലരാണ് ഔദ്യോഗിക ജീവിതത്തിനൊപ്പം കലയേയും കൈവിടാതെ കൊണ്ടു നടക്കുന്നത്.

കോവിഡ് ഭീതി ഒന്നയഞ്ഞ് കലാരംഗങ്ങള്‍ വീണ്ടും ഉണര്‍ന്നപ്പോള്‍ ജില്ലാ കളക്ടര്‍മാരും തങ്ങളുടെ കഴിവുകള്‍ അരങ്ങുകളില്‍ പ്രകടിപ്പിക്കുകയാണ്. തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാറിന്റെ തിരുവാതിരയാണ് ഈ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേത്. റവന്യൂ കലോത്സവത്തില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് കളക്ടര്‍ ചുവടുവെച്ചത്. പതിമൂന്ന് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. അവരില്‍ ജേതാക്കളായത് കളക്ടറും സംഘവുമാണെന്നതും ഒരു പ്രത്യേകതയാണ്.

അടുത്തിടെ എംജി സര്‍വകലാശാലാ കലോല്‍സവത്തിലെത്തിയ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഫ്ളാഷ് മോബ് ചെയ്തത് ശ്രദ്ധേയമായിരുന്നു. മറ്റൊരു വേദിയില്‍ തിരുവാതിരയും കളിച്ചു. പഠനകാലത്ത് കുച്ചിപ്പുടി, കഥകളി ഒഡിസി മോണോ ആക്ട് തുടങ്ങി എല്ലാ കലാരൂപങ്ങളും ദിവ്യ ചെയ്തിട്ടുണ്ട്.

വയനാട് ജില്ലാ കളക്ടര്‍ എ ഗീതയുടെ കഥകളി അരങ്ങേറ്റവും ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. വള്ളിയൂര്‍ക്കാവിലെ ഉത്സവവേദിയില്‍ ദമയന്തിയുടെ വേഷത്തിലായിരുന്നു കളക്ടറുടെ പകര്‍ന്നാട്ടം. കൃത്യനിര്‍വഹണത്തിനിടെയില്‍ തങ്ങളുടെ കലാപരമായ കഴിവുകളെ വിട്ടുകളയാതെ ചേര്‍ത്തു പിടിക്കുന്ന കളക്ടര്‍മാരെ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.