വീട്ടമ്മയെ വഴിയരികിൽ അവശനിലയില്‍ കണ്ടെത്തി; കാറില്‍ കഴിഞ്ഞത് രണ്ട് ദിവസം; ഭർത്താവിനെ കാണ്മാനില്ല

അടിമാലി ടൗണിനു സമീപം പൂട്ടിയിട്ട കാറിൽ പ്രായമായ സ്ത്രീയെ അവശനിലയിൽ കണ്ടെത്തി. രോഗിയും 55-കാരിയുമായ മാനന്തവാടി കാമ്പാട്ടി വെൺമണി വലിയവേലിക്കകത്ത് മാത്യുവിന്റെ ഭാര്യ ലൈലാമണിയെയാണ് വെള്ളിയാഴ്ച 11 മണിയോടെ കല്ലാർകുട്ടി റോഡിൽ നാട്ടുകാർ കണ്ടെത്തിയത്. രണ്ടു ദിവസമായി പാതയോരത്ത് കിടന്നിരുന്ന കാര്‍ ശ്രദ്ധയില്‍ പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍മാർ വിവരം അടിമാലി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വയനാട് സ്വദേശിനിയായ ലൈലാ മണിയെയാണ് വാഹനത്തില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

അടിമാലി ടൗണിനു സമീപം ദേശീയപാതയോരത്ത് കെ എല്‍ 12 സി 4868 എന്ന കാറിലാണ് 55-കാരിയായ വീട്ടമ്മയെ കണ്ടെത്തിയത്. രണ്ടു ദിവസമായി പാതയോരത്ത് വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. വാഹനം പോകാതെ ഇരിക്കുകയും വാഹനത്തിനുള്ളില്‍ വീട്ടമ്മയെ കാണുകയും ചെയ്തതോടെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ വിവരം അടിമാലി പൊലീസില്‍ അറിയിച്ചു. വൈദ്യപരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്നതായി മനസ്സിലാക്കിയതിനെ തുടർന്ന് ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more

വാഹനത്തിന്റെ താക്കോലും വീട്ടമ്മയുടേതെന്ന് കരുതുന്ന വസ്ത്രങ്ങളും ചില ബാങ്കിടപാട് രേഖകളും കാറിനുള്ളില്‍ ഉണ്ടായിരുന്നു. വാഹന നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മയുടെ ഭര്‍ത്താവ് വയനാട് സ്വദേശിയായ മാത്യുവാണെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക സൂചന. അതേസമയം താനും ഭര്‍ത്താവുമൊത്ത് കട്ടപ്പന ഇരട്ടയാറ്റിലുള്ള മകന്റെ വീട്ടിലേക്ക് പോകുകയായിരുന്നെന്നും അടിമാലിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് മൂത്രമൊഴിക്കാനായി കാറില്‍ നിന്നും ഇറങ്ങി പോയതായും ചികത്സയില്‍ കഴിയുന്ന വീട്ടമ്മ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് അന്വേഷണം തുടങ്ങി.