ശരിയായ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ നിന്ന് പൂജപ്പുരയിലേക്ക് പോകേണ്ടി വരും: രമേശ് ചെന്നിത്തല

ശരിയായ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ നിന്ന് പൂജപ്പുരയിലേക്ക് പോകേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഷാജ് കിരണുമായുള്ള ഓഡിയോ ക്ളിപ്പ് സ്വപ്‌ന സുരേഷ് പുറത്തുവിട്ടതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.

സ്വപ്നയുടെ ആരോപണങ്ങളില്‍ മുഴുവന്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മാധ്യമപ്രവര്‍ത്തകന്‍ പൊലീസ് വിട്ട ഇടനിലക്കാരന്‍ ആയിരുന്നോ? കോടതിയില്‍ മൊഴി നല്‍കിയതിന് പ്രതിയെ സര്‍ക്കാര്‍ വിരട്ടുകയാണെന്നും മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പിണറായി വിജയന്‍ മാറി നില്‍ക്കണമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.ആരോപണം തെറ്റെന്ന് പറയാന്‍ മുഖ്യമന്ത്രി തയാറാകാത്തത് എന്തുകൊണ്ടെന്ന് കെ.മുരളീധരന്‍ ചോദിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും പണം ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് യു എസിലേക്ക് കടത്തിയതെന്ന് സ്വപ്നാ സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണുമായുള്ള ഓഡിയോ ക്‌ളിപ്പ് പുറത്ത് വിടുന്ന സമയത്താണ് സ്വപ്ന ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്.

ഈ കാര്യങ്ങള്‍ ഓഡിയോയിലുണ്ടെന്നുമാണ് സ്വപ്ന അവകാശപ്പെടുന്നത്. ഇത് മൂലമാണ് അവരുടെ എഫ്സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്നും സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.

അതേസമയം, സ്വപ്ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്ന് ഷാജ് കിരണ്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയതിനെ കുറിച്ച് പറഞ്ഞിട്ടില്ല. എഫ്.സി.ആര്‍എ സംബന്ധിച്ച വിവരങ്ങളാണ് സ്വപ്നയോട് പറഞ്ഞത്. മുഖ്യമന്ത്രിയെയും കോടിയേരിയെയും കുറിച്ച് വന്ന വാര്‍ത്തകളെക്കുറിച്ചാണ് പറഞ്ഞത്. യഥാര്‍ത്ഥ ശബ്ദരേഖ താന്‍ പുറത്തുവിടുമെന്നും ഷാജ് കിരണ്‍ പറഞ്ഞു.