യു.ഡി.എഫിനൊപ്പം നില്‍ക്കും; സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ പുറത്തു വരണമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി

.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ പുറത്തുവരണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ യുഡിഎഫിന്റെ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രവാചകനെതിരായ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ പരാമര്‍ശം വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരില്‍ ആശങ്ക ഉണ്ടാക്കി. ഇത് ഇന്ത്യയെ വിഭജിക്കുന്ന നടപടിയാണ്്. അടുത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ക്ക് ഫുള്‍ സ്‌റ്റോപ്പിടണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാണെന്നും തേ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. സംഭവത്തില്‍ യുഡിഎഫിനും പങ്കുണ്ട്. അതുകൊണ്ടാണ് ആരോപണം വന്നതിന് പിന്നാലെ അവര്‍ സമരവുമായി രംഗത്തെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദൂബായ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇന്നലെ എറണാകുളം ജില്ലാ കോടതി മുമ്പാകെ സെക്ഷന്‍ 164 പ്രകാരം മൊഴി നല്‍കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശത്തിനിടെ അത്യവിശ്യമായി ഒരു ബാഗ് കേരളത്തില്‍ നിന്ന് കൊടുത്തയക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ അന്ന് കോണ്‍സുലേറ്റിലുണ്ടായിരുന്ന തന്നെ വിളിച്ചെന്നും അതില്‍ മുഴുവന്‍ കറന്‍സിയായിരുന്നെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

അതോടൊപ്പം ബിരിയാണ് ചെമ്പ് എന്ന് പേരില്‍ ദുബായ് കോണ്‍സുലേറ്റില്‍ വന്നവയെല്ലാം ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടുവെന്നും അതില്‍ ബിരിയാണി വയ്കാനുള്ള പാത്രങ്ങള്‍ മാത്രമല്ല മറ്റെന്തോ ഉണ്ടായിരുന്നുവെന്നുമാണ് സ്വപ്ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. തന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.