'പരാതിക്കാരിക്ക് ഒപ്പം ഉറച്ചു നിൽക്കും'; എ.കെ ശശീന്ദ്രൻ രാജിവെയ്ക്കണമെന്ന്​ എൻ.സി.പി യുവജനവിഭാഗം

ഫോൺവിളി വിവാദത്തിൽ കുരുക്കിലായ മന്ത്രി എ.കെ.ശശീന്ദ്രണ രാജിവെക്കണമെന്ന്​ എൻ.സി.പി യുവജനവിഭാഗം. നാഷണലിസ്റ്റ്​ യൂത്ത്​ കോൺഗ്രസ്​ കൊല്ലം ജില്ലാ കമ്മിറ്റിയാണ്​ ശശീന്ദ്രൻറെ രാജി ആവശ്യപ്പെട്ടത്.

പ്രതി പത്​മാകരനും ശശീന്ദ്രനും തമ്മിൽ അടുത്ത ബന്ധമുണ്ട്​. മുമ്പും​ മന്ത്രിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നുതായും ​ ജില്ലാ പ്രസിഡന്‍റ്​ ബിജു.ബി വ്യക്തമാക്കി. പല വനിതകളേയും വിളിച്ച്​ മന്ത്രി മോശമായ ഭാഷയിൽ സംസാരിച്ചതിന്‍റെ തെളിവുകൾ നാഷണലിസ്റ്റ്​ യൂത്ത്​ കോൺഗ്രസിന്‍റെ കൈവശമുണ്ട്. പ്രോ​ട്ടോകോൾ ലംഘനമാണ്​ മന്ത്രി നടത്തിയതെന്നും ബിജു പറഞ്ഞു. പെൺകുട്ടിയോടൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട്​ എൻ.സി.പി സംസ്ഥാന നേതൃത്വം അന്വേഷണം നടത്തിയിരുന്നു. ശശീന്ദ്രന്​ ക്ലീൻചിറ്റാണ് അന്വേഷണസംഘം നൽകിയത്​​.  പാർട്ടിയിലെ പ്രാദേശിക പ്രശ്നങ്ങളാണ് പരാതിയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. ശശീന്ദ്രനെ കേസിൽ ഇടപെടുവിച്ചത് എൻസിപി സംസ്ഥാന സമിതി അംഗം പ്രദീപ് കുമാറാണെന്നും ഇയാൾ പറഞ്ഞിട്ടാണ് മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ചതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയും ദേശീയ അധ്യക്ഷൻ ശരത്​ പവാറും എ.കെ.ശശീന്ദ്രനെ പിന്തുണക്കുന്ന നിലപാടാണ്​ സ്വീകരിക്കുന്നത്​.