''കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ആവശ്യപ്പെടില്ല, ഇവിടെ എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്"; കുമ്മനം രാജശേഖരൻ

കേരളത്തില്‍ ബീഫ് നിരോധനം ആവശ്യപ്പെടില്ലെന്ന് നേമത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി മുന്‍ അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍. ഇവിടെ എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കുമ്മനം പറഞ്ഞു.  ഇന്ത്യാ ടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രജ്ദീപ് സര്‍ദേശായിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഞങ്ങള്‍ കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ആവശ്യപ്പെടില്ല. ഇവിടെ എല്ലാവര്‍ക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്,’- കുമ്മനം രാജശേഖരന്‍ പറഞ്ഞു.

 

അതേസമയം കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ്. തമിഴ്‌നാട്ടില്‍ ബി.ജെ.പി തങ്ങളുടെ പ്രകടന പത്രികയില്‍ പ്രധാന വാഗ്ദാനമായാണ് ഗോവധ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.