കോഴിക്കോട് കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു; സർക്കാർ ഉത്തരവിനു ശേഷമുള്ള ആദ്യ നടപടി

സർക്കാർ ഉത്തരവ് പുറത്തിറങ്ങിയശേഷം സംസ്ഥാനത്ത് ആദ്യമായി കാട്ടുപന്നിയെ വെടിവച്ച് കൊന്നത് കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിൽ. വേളങ്കോട് ശാന്തിനഗറിലെ പുരയിടത്തിൽ കയറിയ കാട്ടുപന്നിയെ ഇന്നലെ അർധരാത്രിയോടെയാണ് കൊന്നത്. രാവിലെ വനംവകുപ്പിന്റ സാന്നിധ്യത്തിൽ ജഡം മറവു ചെയ്യുകയും ചെയ്യ്തു. സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു നടപടിക്രമങ്ങള്‍

ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അനുമതി നൽകി ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് കോ‍ടഞ്ചേരി പഞ്ചായത്ത് തീരുമാനം നടപ്പാക്കിയത്. രാത്രിയിൽ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതായി വേളങ്കോട്ട് സ്വദേശി യോഹന്നാൻ വിളിച്ചറിയിച്ചതോടെ പ്രസി‍ഡന്റ് അലക്സ് തോമസ് വെടിവച്ചുകൊല്ലാൻ അനുമതി നൽകുകയായിരുന്നു.

തോക്ക് ലൈസൻസുള്ള യോഹന്നാന്റ മകൻ രാജു തന്നെയാണ് പന്നിയെ വെടിവച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൃഷിയിടത്തിൽ തന്നെ ജഡം മറവു ചെയ്തു. കോടഞ്ചേരി ഉൾപ്പടെ മലയോര മേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. ഒട്ടേറെപേർക്ക് പന്നിയുടെ ആക്രമണത്തിൽ പരുക്കുമേറ്റിട്ടുണ്ട്. പഞ്ചായത്തിന് അനുമതി ലഭിച്ചതോടെ കാട്ടുപന്നി ശല്യത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.