ഹര്‍ത്താലിനിടെ വ്യാപക ആക്രമണം; കേരളത്തിലേക്ക് സര്‍വീസ് താത്കാലികമായി നിര്‍ത്തി തമിഴ്‌നാട് ആര്‍.ടി.സി

 

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ വാഹനങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണങ്ങള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി തമിഴ്നാട് ആര്‍ടിസി.

ഹര്‍ത്താല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറുണ്ടായി. ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തെടുത്തിട്ടുണ്ട്. അക്രമം തടയാന്‍ അടിയന്തര നടപടി എടുക്കാനും കോടതി നിര്‍ദേശിച്ചു.

അക്രമണ സാധ്യത മുന്നില്‍ കണ്ട് മലപ്പുറം ജില്ലയില്‍ അന്‍പതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലാക്കി. കരുവാരക്കുണ്ട്, മഞ്ചേരി, പൊന്നാനി, മലപ്പുറം, കോട്ടക്കല്‍, തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി അന്‍പതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നു. കണ്ണൂരില്‍ 25 ഓളം പേരെ കസ്റ്റഡില്‍ എടുത്തു.

കൊല്ലത്ത് പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. ബൈക്കില്‍ പട്രോളിംഗ് നടത്തുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയാണെന്ന് പരുക്കേറ്റ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ പത്രം കൊണ്ടുപോകുകയായിരുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായി.