'എന്തിനാണ് നിങ്ങളിത്ര ധൃതി കൂട്ടുന്നത്? വിധി നടപ്പിലാക്കാന്‍ സമയം വേണ്ടിവരും' ; ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളി തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. കോടതിവിധി നടപ്പിലാക്കാന്‍ എന്തിനാണ് ധൃതി കൂട്ടുന്നതെന്ന് കോടതി ചോദിച്ചു. പള്ളിയുടെ നിയന്ത്രണം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഓർത്തഡോക്സ്‌ സഭ വികാരി തോമസ്‌ പോൾ റമ്പാൻ സമർപ്പിച്ച ഹര്‍ജി  പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം. ഹര്‍ജിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ജില്ലാ കളക്ടറിനെ കോടതി ഒഴിവാക്കി. ഹര്‍ജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

ഹര്‍ജിയില്‍ ഇന്ന് വാദം ആരംഭിച്ച ഘട്ടത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് രൂക്ഷമായ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. സുപ്രീം കോടതി വിധി നടപ്പിലാക്കി കിട്ടാന്‍ ധൃതി കൂട്ടേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് വി.ബി സുരേഷ് കുമാര്‍ പറഞ്ഞു. എന്തിനാണ് നിങ്ങളിത്ര ധൃതി കൂട്ടുന്നത്. നിങ്ങള്‍ക്ക് വിധി നടപ്പിലായി കിട്ടിയാല്‍ പോരെ. അതിന് സമയം വേണ്ടി വരുമെന്നും കോടതി ഓര്‍ത്തഡോക്‌സ് സഭയുടെ അഭിഭാഷകനോട് പറഞ്ഞു.

വിഷയത്തില്‍ തിങ്കളാഴ്ച സര്‍ക്കാരിന്റെ റിവ്യു ഹര്‍ജി പരിഗണിക്കുന്നുണ്ട്. ഇതില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിന് ശേഷം ചൊവ്വാഴ്ച കോടതിയലക്ഷ്യ ഹര്‍ജിയിലും തീരുമാനമുണ്ടാകും. സുപ്രീം കോടതി വിധിയായതിനാല്‍ അത് നടപ്പിലാക്കാന്‍ ഹൈക്കോടതിക്ക് ബാദ്ധ്യതയുണ്ട്.