കോവിഷീല്‍ഡ് രണ്ട് ഡോസിന് 84 ദിവസത്തെ ഇടവേള എന്തിന്? കേന്ദ്രത്തോട് ഹൈക്കോടതി

കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസ് കുത്തിവെയ്പ്പ് സ്വീകരിക്കുന്നതിനിടയിലെ ഇടവേളയായി 84 ദിവസം നിശ്ചയിച്ചത് എന്തു കൊണ്ടാണെന്ന് ഹൈക്കോടതി. വാക്‌സിന്റെ ഫലപ്രാപ്തി, ലഭ്യത എന്നിവയില്‍ ഏതുമായി ബന്ധപ്പെട്ടാണ് ഇടവേള ഏര്‍പ്പെടുത്തിയതെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. രണ്ടാംഡോസ് നേരത്തെ നല്‍കണമെന്നുള്ള കിറ്റെക്സിന്റെ ഹര്‍ജിയിലാണ് നടപടി.

കിറ്റെക്സിലെ തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സിൻ കുത്തിവെയ്പ്പിന് അനുമതി നൽകാൻ ആരോഗ്യ വകുപ്പിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ആദ്യ ഡോസ് വാക്സിനെടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ അനുമതി നൽകിയില്ലെന്ന് കിറ്റെക്സ് ഹർജിയിൽ ചൂണ്ടിക്കാട്ടി. വാക്സിൻ കുത്തിവെയ്പ്പ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.