ഗവര്‍ണര്‍ ആരാ.. രാജാവോ; മനോനില തെറ്റിയ മട്ടിലാണ് പലതും വിളിച്ചു പറയുന്നതെന്ന് പി. ജയരാജന്‍

മാനസിക നില തെറ്റിയ മട്ടിലാണ് ഗവര്‍ണര്‍ പലതും സമൂഹമധ്യത്തില്‍ വിളിച്ചുപറയുന്നതെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ മേല്‍ ചാട്ടവാര്‍ പ്രയോഗിക്കാനുള്ള അധികാരവും പദവിയുമല്ല ഗവര്‍ണറുടെതെന്ന് മനസിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ ചെറായി മങ്കുഴി ഗോപിയേട്ടന്‍ വായനശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് പി ജയരാജന്‍ ഗവര്‍ണറെക്കുറിച്ച് പരാമര്‍ശിച്ചത്. ‘ഗവര്‍ണര്‍ എന്ന് പറഞ്ഞാല്‍ രാജാവാണോ?. രാജ്യാധിപത്യം മാറി ജനാധിപത്യം വന്നു. പ്രായപൂര്‍ത്തി വോട്ടവകാശം വന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലുള്ളത്. 99 സീറ്റുകളുടെ പിന്‍ബലത്തോടെയാണ് പിണറായി വിജയന്‍ കേരളം ഭരിക്കുന്നത്.

ഗവര്‍ണര്‍ക്ക് ഭരണഘടനപരമായ അംഗീകാരവും പദവിയുമുണ്ട്. പദവി കേരളത്തിലെ സര്‍ക്കാര്‍ അംഗീകരിക്കുന്നു. എന്നു കരുതി അത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുമേല്‍ ചാട്ടവാര്‍ പ്രയോഗിക്കാനുള്ള പദവി വേണ്ട.

മൂന്ന് വര്‍ഷം മുന്‍പ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സെമിനാറില്‍ നടന്ന പ്രതിഷേധം മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയാണെന്നാണ് കണ്ടെത്തല്‍. സമനില തെറ്റിയതുകൊണ്ടാണ് തോന്നിപോലെ പലതും പറയുന്നത്.’ പി ജയരാജന്‍ പറഞ്ഞു.

അതേസമയം, സിപിഐഎം, സിപിഐ മുഖപത്രങ്ങള്‍ ഗവര്‍ണരെ രൂക്ഷമായി വിമര്‍ശിച്ചു. മുസ്ലിം സമുദായത്തിന്റെ ഉന്മൂലനം തന്നെ ലക്ഷ്യമിടുന്ന ഒരു പാര്‍ട്ടിയുടെ പിന്നാമ്പുറത്ത് വിലപേശി വിറ്റുകിട്ടിയ നേട്ടങ്ങളില്‍ ആരിഫ് മുഹമ്മദ് ഖാന്‍ മതിമറന്നാടുകയാണെന്നും ദേശാഭിമാനി വിമര്‍ശിച്ചു.