പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പു വരുത്തും: രമേശ് ചെന്നിത്തല

Advertisement

 

ജനകീയ പ്രകടനപത്രികയുമായിട്ടാണ് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരുമ, കരുതല്‍, വികസനം എന്നിവയ്ക്ക് മുൻഗണന നൽകുമെന്നും രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി യുഡിഎഫ് കേരളത്തിൽ അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മിനിമം വരുമാന ഗ്യാരണ്ടി സ്കീം (Minimum Income Guarantee Scheme) എന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പു വരുത്തും. സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചു നീക്കാൻ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂർണതോതിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. സൗജന്യചികില്‍സയ്ക്കായി കൂടുതല്‍ ആശുപത്രികള്‍ കൊണ്ടു വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൂടുതൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും peoplesmanifesto2021@gmail.com എന്ന മെയിൽ ഐഡിയിൽ അറിയിക്കാവുന്നതാണെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ലൈഫ് മിഷന്‍ പിരിച്ചു വിടുമെന്ന് ഹസന്‍ പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

പ്രകടനപത്രിക സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലെ കുറിപ്പ് ഇങ്ങനെ:

കേരള സമൂഹത്തിന്റെ സമഗ്ര പുരോഗതി ഉറപ്പാക്കുന്ന മാനിഫെസ്റ്റോയായിരിക്കും. സാമുദായിക സൗഹാര്‍ദ്ദവും സമന്വയവുമാണ് യൂ.ഡി.എഫിന്റെ ലക്ഷ്യം. ഒരുമ, നീതി, കരുതല്‍, വികസനം, സത് ഭരണം, സമാധാനജീവിതം, അഴിമതി രഹിതം എന്നീ അടിസ്ഥാന തത്വങ്ങളിലൂന്നിയാണ് ഈ മാനിഫെസ്റ്റോ.

യൂ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്:

കര്‍ഷകരുടെ മാനിഫെസ്റ്റോയാണ്

ഈ മാനിഫെസ്റ്റോ സ്ത്രീകളുടെയും കുട്ടികളുടെയും മാനിഫെസ്റ്റോയാണ്

ഈ മാനിഫെസ്റ്റോ തൊഴിലാളികളുടെ മാനിഫെസ്റ്റോയാണ്

ഈ മാനിഫെസ്റ്റോ യുവാക്കളുടെ മാനിഫെസ്റ്റോയാണ്

ഈ മാനിഫെസ്റ്റോ വിദ്യാര്‍ത്ഥികളുടെ മാനിഫെസ്റ്റോയാണ്

ഈ മാനിഫെസ്റ്റോ സാമൂഹിക നീതിയുടെ മാനിഫെസ്റ്റോയാണ്

ഈ മാനിഫെസ്റ്റോ ദളിത് ആദിവാസി സമൂഹങ്ങളുടെ മാനിഫെസ്റ്റോയാണ്

ഈ മാനിഫെസ്റ്റോ തീരദേശ മലയോര മേഖലകളുടെ മാനിഫെസ്റ്റോയാണ്

ഈ മാനിഫെസ്റ്റോ പരിസ്ഥിതി സൗഹൃദ മാനിഫെസ്റ്റോയാണ്

ഈ മാനിഫെസ്റ്റോ പ്രവാസികളുടെ മാനിഫെസ്റ്റോയാണ്

ഈ മാനിഫെസ്റ്റോ നിക്ഷേപ, സംരംഭങ്ങളുടെ മാനിഫെസ്റ്റോയാണ്

ഈ മാനിഫെസ്റ്റോ നാല് തത്വങ്ങളില്‍ അധിഷ്ടിതമായിരിക്കും

@ More Government (സര്‍ക്കാരിന്റെ കൂടുതല്‍ കൈതാങ്ങ്)

@ More Investment (കൂടുതല്‍ നിക്ഷേപം)

@ More Employment (കൂടുതല്‍ തൊഴില്‍)

@ More compassion (കാരുണ്യ കേരളം )

പ്രളയവും, കോവിഡും തകര്‍ത്ത കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങളും, സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങും ആവശ്യമാണ്. ഈ വസ്തുത മനസ്സിലാക്കികൊണ്ടാണ് more Government എന്ന ആശയം യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്നത്.

അതോടൊപ്പം ഈ നാട്ടിലേ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ജോലി ആവശ്യമാണ്. അതിനു കാര്‍ഷിക, വ്യവസായ, സര്‍വീസ് മേഖലകളില്‍ കൂടുതല്‍ മുതല്‍ മുടക്ക് ആവശ്യമാണ്. കൂടുതല്‍ സംരംഭങ്ങളും, വ്യവസായങ്ങളും വരണം. അതാണ് More Investment.

സംസ്ഥാനത്തെ ഏറ്റവും പിന്നോക്ക വിഭാഗങ്ങളായ ദളിത് ആദിവാസി, മത്‌സ്യതൊഴിലാളി, പരമ്പരാഗത ചെറുകിട, കരകൗശല, കൈത്തൊഴില്‍ മേഘലകള്‍ക്കായി പദ്ധതിയുടെ നിശ്ചിത ഭാഗം നീക്കിവയ്ക്കും .

കാരുണ്യ കേരള പദ്ധതിയിലൂടെ അവശതയനൂഭവിക്കുന്നവര്‍ക്ക് സഹായവും സ്വാന്തനവും എത്തിക്കും

യൂ.ഡി.എഫ് മാനിഫെസ്റ്റോയിലെ സുപ്രധാനമായ ചില ആശയങ്ങള്‍ ഇതാണ്:

@ ന്യായ് പദ്ധതി : കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡണ്ട് രാഹുല്‍ ഗാന്ധി എം പി മുന്നോട്ട് വച്ച മികച്ച പദ്ധതിയാണ് ന്യായ് അഥവാ Minimum Income Guarantee Scheme. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും. ( വര്‍ഷം 72,000 രൂപ ). നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്യം തുടച്ചു നീക്കാന്‍ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂര്‍ണതോതില്‍ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും കേരളം. ഈ പദ്ധതി കൂടുതല്‍ ചര്‍ച്ചകളിലൂടെ സമ്പുഷ്ടമാക്കും

@ബില്ല് രഹിത ഹോസ്പിറ്റലുകള്‍ :(No Bill Hospitals) സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും.

@സര്‍ക്കാര്‍ സഹായങ്ങള്‍ ആവശ്യമായ വിഭാഗങ്ങളാണ് വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, തൊഴില്‍രഹിതര്‍, വായോധിക്കര്‍. ഇവര്‍ക്കായി SWP program : അതായത് Scholarship, Wages, pension പ്രോഗ്രാം നടപ്പിലാക്കും.

@വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സ്‌ക്കോളര്‍ഷിപ്പുകള്‍ (Scholarship)

തൊഴിലാളികള്‍ക്കും തൊഴില്‍രഹിതര്‍ക്കും കൂടുതല്‍ വേതനം (Wages)

വായോധിക്കര്‍ക്ക് കൂടുതല്‍ പെന്‍ഷന്‍ (Pension)

സംസ്ഥാനത്തു കൃഷി ചെയ്തു ജീവിക്കുന്ന കര്‍ഷകര്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണ് . കര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യംവച്ചുകൊണ്ടുണ്ടുള്ള വിവിധ സഹായ പദ്ധതികള്‍ യൂ.ഡി.എഫ് മാനിഫെസ്റ്റോയിലുണ്ട്. ഒരു ഉദാഹരണം റബ്ബര്‍ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 250 രൂപ താങ്ങുവില ഉറപ്പുവരുത്തുന്ന പദ്ധതി. തെങ്ങ്, നെല്ല് കര്‍ഷകര്‍ക്കായി വിപുലമായ പദ്ധതികള്‍ നടപ്പിലാക്കും.

യൂ.ഡി.എഫ്. മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുന്ന മറ്റൊരു സുപ്രധാന പ്രഖ്യാപനം തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും, തൊഴില്‍ദിനങ്ങളും വര്‍ദ്ധിപ്പിക്കും.

@മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി വേതനവും, തൊഴില്‍ദിനങ്ങളും വര്‍ദ്ധിപ്പിക്കും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്തിനു സംഭാവന ചെയ്ത ഏറ്റവും മഹത്തരമായ പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും, തൊഴില്‍ ദിനവും ഉയര്‍ത്താന്‍ യൂ.ഡി.എഫ്. പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ഇത് സാധ്യമാക്കും.

കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും peoplesmanifesto2021@gmail.com എന്ന മെയില്‍ ഐഡിയില്‍

അറിയിക്കാവുന്നതാണ്.