ബി.ജെ.പി രാവിലെ പറയുന്നത് കോണ്‍ഗ്രസ് ഉച്ചകഴിഞ്ഞ് ആവര്‍ത്തിക്കും; ബി.ജെ.പിയും കോണ്‍ഗ്രസും നീങ്ങുന്നത് ഒന്നിച്ചെന്ന് കെ.എന്‍ ബാലഗോപാല്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനത്ത് കുറേക്കാലമായി ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ചാണ് നീങ്ങുന്നത്. ബിജെപി നേതാക്കള്‍ രാവിലെ പറയുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ ഉച്ചകഴിഞ്ഞ് ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രി സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരെ നടത്തിയ പ്രസംഗം ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തിലുള്ളതാണെന്ന് വി ഡി സതശന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ധനമന്ത്രിയുടെ പ്രതികരണം. വി ഡി സതീശന്‍ കാര്യങ്ങള്‍ തുറന്നു പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന് എതിരെ ആര്‍.എസ്.എസും ബിജെപിയും ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ധനമന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് വിശദീകരണവുമായി വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. താന്‍ പങ്കെടുത്തത്. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആയിരുന്ന പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങിലാണ്. അത് ആര്‍എസ്എസ് പരിപാടി ആയിരുന്നില്ല. സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് പങ്കെടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Read more

ആദ്യം ഈ പുസ്തകം പ്രകാശനം ചെയ്തത് അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന വി എസ് അച്യുതാനന്ദന്‍ ആയിരുന്നു. തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനും ബാധകമാണ്. തന്നെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചത് വീരേന്ദ്ര കുമാര്‍ ആണ്. ബിജെപിക്കാര്‍ തനിക്കെതിരെ ഉപയോഗിച്ച ഈ പരിപാടിയുടെ ഫോട്ടോക്ക് കൂടുതല്‍ പ്രചാരം നല്‍കിയത് സിപിഎമ്മുകാരാണ്. താന്‍ ഒരു വര്‍ഗീയ വാദിയുടേയും വോട്ട് ചോദിച്ച് പോയിട്ടില്ല. പോകുകയുമില്ല. ഒരു ആര്‍ എസ് എസുകാരന്റേയും സംഘപരിവാറുകാരന്റെയും വര്‍ഗീയ വാദിയുടേയും വോട്ട് തനിക്ക് വേണ്ട. ഒരു വര്‍ഗീയവാദിക്ക് മുന്നിലും മുട്ടുമടക്കില്ല. വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടേണ്ടി വന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.