വേണ്ടത് ബദല്‍ സംവാദം അല്ല, തുടര്‍സംവാദങ്ങള്‍: ജനകീയ പ്രതിരോധ സമിതിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കെ- റെയില്‍

സില്‍വര്‍ലൈന്‍ പദ്ധതി വിഷയത്തില്‍ ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ബദല്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് കെ റെയില്‍. സംഘാടകരുമായുള്ള ചര്‍ച്ചയില്‍ സെമിനാര്‍ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു. മാത്രമല്ല പിന്മാറിയ പാനലിസ്റ്റുകള്‍ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകള്‍ ഈ സംവാദത്തില്‍ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കെ റെയിലിനു കഴിയില്ലെന്നും കെ റെയില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏപ്രില്‍ 28ന് കെ റെയില്‍ സംഘടിപ്പിച്ച സംവാദം വിജയകരമായിരുന്നു. അതിനാല്‍ വിഷയത്തില്‍ ഇനി വേണ്ടത് ബദല്‍ സംവാദമല്ല, തുടര്‍ സംവാദങ്ങളാണെന്നും കെ റെയില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വേണ്ടത് ബദല്‍ സംവാദം അല്ല, തുടര്‍ സംവാദങ്ങള്‍
കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ നിന്ന് അലോക് കുമാര്‍ വര്‍മ്മയും പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണനും പിന്‍വാങ്ങിയെങ്കിലും ഏപ്രില്‍ 28 ലെ സംവാദം ആശയ സമ്പന്നതയാല്‍ വിജയകരമായിരുന്നു. ബദല്‍ സംവാദം എന്ന രീതിയില്‍ ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സംവാദത്തിലേക്ക് കെ റെയില്‍ പ്രതിനിധിയെ ക്ഷണിച്ചിരുന്നു. ഏപ്രില്‍ 28-ലെ പാനല്‍ ചര്‍ച്ച വളരെ വിജയകരമായ സന്ദര്‍ഭത്തില്‍ ഇനി ബദല്‍ ചര്‍ച്ചകള്‍ അല്ല തുടര്‍ ചര്‍ച്ചകള്‍ ആണ് വേണ്ടത്.

ഏപ്രില്‍ 28ന് നടന്ന പാനല്‍ ചര്‍ച്ചയിലേക്ക് ശ്രീ അലോക് വര്‍മ്മയെയും ശ്രീ ശ്രീധര്‍ രാധാകൃഷ്ണനെയും ക്ഷണിച്ചിരുന്നു. എന്നിരുന്നാലും, ക്ഷണം സ്വീകരിച്ച ശേഷം നിസാര കാരണങ്ങളാല്‍ പാനല്‍ ചര്‍ച്ചയില്‍ നിന്ന് അവര്‍ സ്വയം പിന്മാറുകയായിരുന്നു. ഏപ്രില്‍ 28ലെ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകള്‍ തന്നെയാണ് ഈ ചര്‍ച്ചയിലും പങ്കെടുക്കുന്നത്. സംഘാടകരുമായുള്ള ചര്‍ച്ചയില്‍ സെമിനാര്‍ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു. എന്നു മാത്രമല്ല പിന്മാറിയ പാനലിസ്റ്റുകള്‍ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകള്‍ ഈ സംവാദത്തില്‍ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുകൂടാതെ സുതാര്യതയോടെയും സന്തുലനത്തോടെയും ആണ് ചര്‍ച്ച നടത്തുന്നതെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ല. ഈ കാരണങ്ങളാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കെ റെയിലിനു കഴിയില്ല. ഭാവിയില്‍ ന്യായമായും സുതാര്യമായും ഇത്തരം ചര്‍ച്ചകളുടെ ഒരു പരമ്പര തന്നെ കെ റെയിലും കേരള സര്‍ക്കാരും നടത്തും. അതിലേക്ക് എല്ലാവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു.