ശബരിമല ആചാര സംരക്ഷണത്തിന് യു.ഡി.എഫ് എന്ത് ചെയ്തു?: ചെന്നിത്തലക്ക് മറുപടിയുമായി കുമ്മനം

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ എൽ.ഡി.എഫുമായി ബി.ജെ.പി ഒത്തുകളിച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ പ്രതികരിച്ച് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യു.ഡി.എഫ് എന്താണ് ചെയ്തെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു.

യുഡിഎഫും എൽഡിഎഫുമാണ് ശബരിമല വിഷയത്തിൽ ഒത്തുകളിച്ചത്. സംസ്ഥാന നിയമസഭയിൽ എന്ത് കൊണ്ട് ഒരു നിയമം യുഡിഎഫ് കൊണ്ട് വന്നില്ല. യുഡിഎഫിൽ നിന്നും  ഒരാൾ പോലും ശബരിമല വിഷയത്തിൽ സമരം ചെയ്തിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

പാർട്ടി പറഞ്ഞാൽ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ല. മത്സരിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. എന്നാൽ പാർട്ടി പറഞ്ഞാൽ മത്സര രംഗത്തുണ്ടാകും.

നേമത്തെ കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്ഥാനാർത്ഥിത്വ വിവാദങ്ങളോടും പ്രതികരിച്ച കുമ്മനം, ഉമ്മൻ ചാണ്ടിയല്ല മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ചാലും നേമത്ത് ബിജെപി തന്നെ ജയിക്കുമെന്നും അഭിപ്രായപ്പെട്ടു. ബി.ജെ.പിയിൽ യാതൊരു വിഭാഗീയതയും ഇല്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിൽ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും കുമ്മനം കൂട്ടിച്ചേർത്തു.