പിണറായി സ്വര്‍ണം കടത്തിയതിന് ഗാന്ധിജി എന്തുപിഴച്ചു; ഇ.പി ജയരാജന് എതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്ന് ചെന്നിത്തല

മുഖ്യമന്ത്രിക്ക് എതിരം വിമാനത്തിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചതിനെയും പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്തതിനെയും അദ്ദേഹം അപലപിച്ചു. പിണറായി വിജയന്‍ സ്വര്‍ണക്കടത്ത് നടത്തിയതിന് ഗാന്ധിജി എന്തുപിഴച്ചെന്നും ചെന്നിത്തല ചോദിച്ചു.

സംസ്ഥാനത്തെ കോണ്‍ഗ്രസ് ഓഫീസുകള്‍ മുഴുവന്‍ സിപിഎം അടിച്ചു തകര്‍ക്കുകയാണ്. സര്‍ക്കാരിന്റെ അറിവോടെയും പൊലീസിന്റെ സഹായത്തോടെയുമാണ് ഇത് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വിമാനത്തില്‍ ഉണ്ടായ സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് മാത്രമാണ്. അദ്ദേഹത്തിന് എതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് കണ്ണൂര്‍ പയ്യന്നൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയത്. ഗാന്ധിയുടെ തല വെട്ടി അദ്ദേഹത്തിന്റെ മടിയില്‍ വച്ച നിലയിലാണ് കണ്ടെത്തിയത്. ഓഫീസ് കെട്ടിടത്തിന്റെ ചില്ലുകളും തകര്‍ത്തു. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗാന്ധിപ്രതിമയുടെ തലവെട്ടിയത് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

അതേസമയം ഇനി ഗാന്ധിസം പറഞ്ഞ് നിന്നിട്ട് കാര്യമില്ലെന്നും പൊലീസില്‍ പരാതിയില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും കെ മുരളിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്തിലെ പ്രതിഷേധത്തില്‍ ആദ്യം കേസെടുക്കേണ്ടത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മാത്രം മുഴക്കിയാണ് പ്രതിഷേധിച്ചത്. വാക്കുകളിലൂടെ മാത്രമുള്ള പ്രതിഷേധം തെറ്റല്ല. പ്രതിഷേധിച്ച പ്രവര്‍ത്തരെ വിമാനത്തിനകത്ത് ഇപി ജയരാജന്‍ ചവിട്ടി. ഇതിന് അദ്ദേഹത്തിന് എതിരെ കേസെടുക്കണം. എന്നാല്‍ കേരളഴ പൊലീസ് കേസെടുക്കുമെന്ന് തോന്നുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ സി.പി.എമ്മുകാര്‍ ആര്‍ എസ് എസിന് തുല്യമാണ്. മുഖ്യമന്ത്രിയെ സംരക്ഷിക്കും എന്ന് സിപിഎം പറയുന്നു. ആഭ്യന്തര വകുപ്പ് പരാജയമെന്നതിന് തെളിവാണിത്. വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ കാണിച്ചത് ജനവികാരം. ആയുധമില്ലാതെ മുദ്രാവാക്യം മാത്രം വിളിക്കുകയാണ് ചെയ്തത്. അവരെ പാര്‍ട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.