മോന്‍സന്റെ വീട്ടില്‍ നിന്ന് തിമിംഗലത്തിന്റെ എല്ല് കണ്ടെത്തി; പോക്‌സോ കേസില്‍ സഹായി ജോഷി അറസ്റ്റില്‍

പോക്‌സോ കേസില്‍ വിവാദ പുരാവസ്തു വ്യവസായി മോന്‍സന്റെ സഹായിയും അറസ്റ്റില്‍. മോന്‍സന്‍ മാവുങ്കലിന്റെ സഹായിയും മേക്കപ്പ്മാനുമായ ജോഷിയെ ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മോനസനെതിരെ നേരത്തെ പീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയാണ് ജോഷിയുടെ പേര് വെളിപ്പെടുത്തിയത്. മോന്‍സന്റെ വീട്ടില്‍ പ്രവര്‍ത്തിക്കുന്ന തിരുമ്മല്‍ കേന്ദ്രത്തിന്റെ മറവില്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ കേസ്. പ്രായപൂര്‍ത്തിയാകും മുമ്പാണ് പീഡനമെന്നതിനാല്‍ പോക്‌സോ കേസ് ചുമത്തിയാണ് അന്വേഷണം.

അതിനിടെ മോന്‍സന്റെ വീട്ടില്‍ നിന്ന് തിമിംഗലത്തിന്റെ രണ്ടു എല്ലുകള്‍ കണ്ടെത്തി. മോന്‍സന്റെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന തിമിംഗലത്തിന്റെ എല്ലാണ് വനം വകുപ്പ് ഫ്‌ളൈയിംസ്‌ക്വാഡ് കാക്കനാട് വാഴക്കാലയിലെ ഒരു വീട്ടില്‍ നിന്നും കണ്ടെടുത്തത്. നേരത്തെ മോന്‍സന്റെ വീട്ടില്‍ തിമിംഗലത്തിന്റെ എല്ലുകളുണ്ടെന്ന് ക്രൈംബ്രാഞ്ചിന് വിവരം കിട്ടിയിരുന്നു. മോന്‍സന്റെ അറസ്റ്റിന് രണ്ടു ദിവസം മുമ്പാണ് ഈ എല്ലുകള്‍ അവിടെ നിന്നും മാറ്റിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരം വനം വകുപ്പിന് നല്‍കിയതിനെ തുടര്‍ന്നാണ് പരിശോധന നടന്നത്. സംഭവത്തില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

പോക്‌സോ കേസിലെ അന്വേഷണ സംഘമാണ് മോന്‍സന്റെ ഗസ്റ്റ്ഹൗസിലും, മ്യൂസിയത്തിലും പ്രവര്‍ത്തിപ്പിച്ചിരുന്ന അതിനൂതന ക്യാമറകളെക്കുറിച്ച് അന്വേഷണം നടത്തുന്നത്. വോയിസ് കമാന്‍ഡിങ്ങിലൂടെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന, എന്നാല്‍ പുറത്തു നിന്നു നോക്കിയാല്‍ ക്യാമറയാണെന്ന് തിരിച്ചറിയാനാകാത്ത സംവിധാനമാണ് സ്ഥാപിച്ചതെന്ന് സാങ്കേതിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ക്യാമറകള്‍ പിടിച്ചെടുത്തിട്ടുണ്ട്. മോന്‍സന്റെ മൊബൈല്‍ഫോണിലും, ഡിവിആറിലും റെക്കോര്‍ഡ് ചെയ്തതായും സൈബര്‍ പൊലീസ് കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ ക്ലൗഡിലേക്ക് മാറ്റിയിട്ടുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി മോന്‍സനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.