വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

വയനാട് സര്‍വ്വജന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. കേസില്‍ പ്രതിസ്ഥാനത്തുള്ള അധ്യാപകര്‍ നല്‍കിയ ജാമ്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

കേസില്‍ കുറ്റക്കാരെന്ന് കണ്ട് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത അധ്യാപകരായ സി.വി ഷജില്‍, വൈസ് പ്രിന്‍സിപ്പല്‍ കെ.കെ മോഹനന്‍ എന്നിവ നല്‍കിയ ജാമ്യഹര്‍ജിയിലാണ് കോടതി ഉത്തരവ്.

കേസില്‍ രണ്ട് അധ്യാപകര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ സംബന്ധിച്ച് വ്യത്യസ്ത സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും അധ്യാപകര്‍ക്ക് ഏത് തരത്തിലുള്ള വീഴ്ചയാണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.