കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കില്‍ ജലക്ഷാമം; വെള്ളം കിട്ടാതെ വലഞ്ഞ് ടെക്കികള്‍; ശാശ്വതപരിഹാരം വേണമെന്ന് ജീവനക്കാരുടെ കൂട്ടായ്മ

കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ ജലക്ഷാമം രൂക്ഷം. ശുദ്ധജല ക്ഷാമം കടുത്തതോടെയാണ്  ഐടി മേഖല പ്രതിസന്ധിയിലായത്. ഇന്‍ഫോ പാര്‍ക്കിലെ പകുതിയിലധികം കമ്പനികളിലെ തൊഴിലാളികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം കിട്ടാതെ വലഞ്ഞത്. ജില്ലാ ഭരണകൂടം ഇടപെട്ട് താത്കാലികമായി ശുദ്ധജലം എത്തിക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം വേണമെന്നാണ് ജീവനക്കാരുടെ കൂട്ടായ്മകളുടെ ആവശ്യം.

ഉപ്പിന്റെ സാന്നിദ്ധ്യം  മൂലം നിലവില്‍ വെള്ളം എടുത്തുകൊണ്ടിരുന്ന കടമ്പ്രയാറില്‍ നിന്നും ശുദ്ധജല വിതരണം നിര്‍ത്തിവെച്ചതും ടാങ്കര്‍ ലോറികളില്‍ വെള്ളം കിട്ടാതിരുന്നതുമാണ് ഐടി കമ്പനികളെ പ്രതികൂലമായി ബാധിച്ചത്. ചൊവ്വാഴ്ച മുതലാണ് വെള്ളം കുറഞ്ഞു തുടങ്ങിയത്. ബുധനാഴ്ച പ്രശ്നം കൂടുതല്‍ രൂക്ഷമായി.

ചില കമ്പനികള്‍ ജീവനക്കാരെ തിരിച്ചയക്കുക വരെ ചെയ്തു. ജലക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ഐടി കമ്പനികള്‍ അടച്ച് പൂട്ടേണ്ട സ്ഥിതിയിലേക്കാണ് എത്തിച്ചേരുക. പല കമ്പനികളും അവരുടെ ഓപ്പറേഷന്‍സ് ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ആലോചിക്കുന്നുണ്ടെന്നാണ് ഐ ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രൊഗ്രസീവ് ടെക്കീസ് പറയുന്നത്. ഗുരുതരമായ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.

ജില്ലാ ഭരണകൂടം ഇടപ്പെട്ട് ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ഇത് പര്യാപ്തമാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജലക്ഷാമം രൂക്ഷമായാല്‍ കൊരട്ടി ഐ ടി പാര്‍ക്കില്‍ നിന്ന് വെള്ളം കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്.