വി.സിയുടെ കത്തിലെ ഭാഷ കണ്ട് ഞെട്ടിപ്പോയി; ചാന്‍സലറായി തുടര്‍ന്നാല്‍ കടുത്ത നടപടിയെന്ന് ഗവര്‍ണര്‍

ഡീ ലിറ്റ് വിവാദത്തില്‍ വൈസ് ചാന്‍സലര്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചാന്‍സലര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡീലിറ്റില്‍ തീരുമാനമെടുക്കേണ്ടത് സിൻഡിക്കേറ്റ് യോഗം വിളിച്ചായിരുന്നുവെന്നും എന്നാല്‍ യോഗം വിളിക്കാതെ വിസി മറ്റാരുടെയോ വാക്കു കേട്ടുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വിസി ഇക്കാര്യം അംഗീകരിച്ചില്ലെന്നാണ് ഗവര്‍ണറുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖാമൂലം മറുപടി ആവശ്യപ്പെട്ടതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചാന്‍സലര്‍ പദവിയില്‍ തുടര്‍ന്നാല്‍ കടുത്ത നടപടി കൈക്കൊള്ളേണ്ടി വരുമെന്നും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു. അതല്ലെങ്കില്‍ ചാന്‍സലര്‍ പദവിക്ക് ബദല്‍ സംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്നും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.

അതേസമയം രാഷ്ട്രപതിക്ക് ഡീലിറ്റ് ബിരുദം നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടതായി ഗവര്‍ണര്‍ സ്ഥിരീകരിച്ചു. വൈസ് ചാന്‍സലറോട് ഇക്കാര്യം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിസി നല്‍കിയ മറുപടി കത്തിലെ ഭാഷ കണ്ട് ഞെട്ടിയെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ആ ഭാഷ കണ്ടുള്ള ഞെട്ടലില്‍ നിന്ന് 10 മിനിറ്റ് കഴിഞ്ഞാണ് മോചിതനായതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ചാന്‍സലറെ ധിക്കരിക്കുന്ന നടപടിയായിരുന്നു വിസിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും ഗവര്‍ണര്‍ പറഞ്ഞു.