കോണ്‍ഗ്രസില്‍ പോര് തുടരുന്നു; അതൃപ്തി പ്രകടിപ്പിച്ച് ഘടക കക്ഷികള്‍

കോണ്‍ഗ്രസിലെ പോര് തുടര്‍ന്ന് കൊണ്ടിരിക്കുന്നതിലും മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചതിലും അതൃപ്തി പ്രകടിപ്പിച്ച് ഘടക കക്ഷികള്‍. യോഗം ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് ഇരുനേതാക്കളുമായി ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആശയവിനിമയം നടത്തി. പക്ഷേ ഇതുവരെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കൈക്കൊണ്ടിട്ടില്ല.

പി കെ കുഞ്ഞാലിക്കുട്ടിയുമായി ഫോണിലൂടെ നടന്ന ആശയ വിനിമയത്തില്‍ അര്‍ഹമായ പങ്കാളിത്തമില്ലാത്തിടത്ത് ഇരിക്കുന്നതിലെ ഔചിത്വക്കുറവ് ഇരുവരും പങ്കുവെച്ചുവെന്നാണ് സൂചനകള്‍. പാര്‍ട്ടക്കുള്ളിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള അതൃപ്തി ലീഗ് അടക്കമുള്ള കക്ഷികള്‍ കെപിസിസി നേതൃത്വത്തെ വീണ്ടും അറിയിക്കുമെന്നാണ് ഗ്രൂപ്പുകള്‍ പ്രതീക്ഷിക്കുന്നത്.

അതേ സമയം ഏകപക്ഷീയമായ നടപടികള്‍, രാഷ്ട്രീയ കാര്യ സമിതി വിളിക്കുന്നില്ല, അംഗത്വ വിതരണം മുന്നോട്ട് പോകുന്നില്ല എന്നീ കാരണങ്ങള്‍ കൊണ്ടാണ് യോഗം ബഹിഷ്‌കരിച്ചത് എന്ന് വിവരം താഴേത്തട്ടിലുള്ള അണികളിലേക്ക് എത്തിക്കാനുള്ള ശ്രമവും ഗ്രൂപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതലകള്‍ വീതിച്ച് നല്‍കിയതിലും ഗ്രൂപ്പുകള്‍ക്ക് പരിഭവമുണ്ട്.

തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. ഇരുവരും ആലോചിച്ചാണ് എല്ലാം ചെയ്യുന്നത് എന്നാണ് കെപിസിസി നേതൃത്വത്തിന്റെ ആരോപണം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ല എന്ന് ഗ്രൂപ്പുകള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനായുള്ള നീക്കങ്ങള്‍ ആരംഭിക്കാനിരുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ ബഹിഷ്‌കരണം. ഇതിലൂടെ പാര്‍ട്ടിക്കുള്ളിലെ കലഹം യുഡിഎഫിന് മുന്നിലേക്കും എത്തി.