വഖഫ് നിയമന വിവാദം; സമസ്തയെ ഒഴിവാക്കി വഖഫ് സംരക്ഷണ സമ്മേളനം നടത്താൻ മുസ്ലീം ലീഗ്

വഖഫ് നിയമന വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ മുസ്ലീം ലീഗ്. സമസ്തയെ ഒഴിവാക്കി വഖഫ് സംരക്ഷണ സമ്മേളനം നടത്താൻ മുസ്ലീം ലീഗ് തീരുമാനിച്ചു. മറ്റ് മുസ്ലീം സംഘടനകളേയും സമ്മേളനത്തിലേക്ക് ക്ഷണിക്കേണ്ടന്നാണ് നേതൃതലത്തിലെ ധാരണ. മുഖ്യമന്ത്രിയുടെ ഉറപ്പ് ചൂണ്ടിക്കാട്ടി പള്ളികളിലടക്കം നടത്താൻ തീരുമാനിച്ചിരുന്ന സർക്കാരിനെതിരായ കടുത്ത പ്രതിഷേധങ്ങളിൽ സമസ്ത പിന്മാറിയതിനു പിറകെയാണ് ലീഗിന്റെ പുതിയ നീക്കം.

കോൺഗ്രസ് നേതൃത്വത്തിന്റെ താത്പര്യമറിഞ്ഞതിന് ശേഷമേ സംഘടനകളെ വിളിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. കൂടുതൽ പ്രവർത്തകരെ എത്തിച്ച് വിപുലമായ സമ്മേളനം നടത്തി ശക്തി തെളിയിക്കുകയാണ് മുസ്ലീം ലീഗ് ലക്ഷ്യം .

തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ അബ്ദുറഹ്മാനേയും, ഓൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോർഡ് പ്രതിനിധിയേയും സമ്മേളനത്തിന് എത്തിക്കാൻ സ്വാഗത സംഘം യോഗത്തിൽ തീരുമാനമായി.