വഫ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതിയും ശ്രീറാം വെങ്കിട്ടരാമന്റെ സുഹൃത്തുമായ വഫ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഗതാഗത വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.

മൂന്ന് മാസത്തേയ്ക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. തുടര്‍ച്ചയായ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ഗതാഗത വകുപ്പ് പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കാരണം കാണിക്കല്‍ നോട്ടീസിന് വഫ സമയപരിധിക്കുള്ളില്‍ വിശദീകരണം നല്‍കിയിട്ടില്ലെന്ന് ആര്‍ടിഒ പറഞ്ഞു. നേരത്തെ അമിത വേഗത്തിനും, സണ്‍ ഫിലിം ഒട്ടിച്ചതിനും വഫ പിഴയടച്ചിരുന്നു. ഇത് നിയമലംഘനം അംഗീകരിച്ചതിന് തെളിവാണെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

Read more

അപകടം നടന്ന ഉടന്‍ തന്നെ ശ്രീറാമിന്റെയും ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെയും ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് തിരുവനന്തപുരം ആര്‍ടിഒ പ്രഖ്യാപിച്ചിരുന്നതാണ്. നടപടി വൈകിപ്പിക്കാന്‍ ഒത്തു കളി നടക്കുന്നെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയോ എന്ന് ഗതാഗത സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.