വിടി ബല്‍റാമിന്റെ എകെജി പരാമര്‍ശം ശുദ്ധ പോക്രിത്തരമെന്ന് എംഎം മണി

കമ്യൂണിസ്റ്റ് നേതാവ് എകെജിക്കെതിരേ തൃത്താല എംഎല്‍എ വിടി ബല്‍റാം നടത്തിയ പരാമര്‍ശത്തിനെതിരേ വൈദ്യുതി മന്ത്രി എംഎം മണി. ബല്‍റാമിന്റെ പരാമര്‍ശം ശുദ്ധ പോക്രിത്തരമാണെന്നാണ് എംഎം മണി പ്രതികരിച്ചത്. ഇതിലൂടെ ബല്‍റാമിന്റെ സംസ്‌കാരമാണ് പുറത്തു വന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫ്രീ തിങ്കേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെയാണ് വി ടി ബല്‍റാം എ കെ ജിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. പിണറായി വിജയന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്നിന് പിന്തുണ നല്‍കിയതായുള്ള വാര്‍ത്തയെ അടിസ്ഥാനപ്പെടുത്തി വന്ന ചര്‍ച്ചയിലാണ് ബല്‍റാം വിവാദ കമന്റുകളിട്ടത്. സംഭവം വിവാദമായതോടെ നിരവധി നേതാക്കളാണ് ബല്‍റാമിനെതിരേ രംഗത്തു വന്നിരിക്കുന്നത്.

ഇതോടൊപ്പം സോഷ്യല്‍ മീഡിയയും ബല്‍റാമിനെതിരേ രംഗത്തു വന്നിട്ടുണ്ട്. കേരള സംസ്ഥാനത്തെ ഏറ്റവും ആരാധ്യനായ രാഷ്ട്രീയ നേതാക്കളിലൊരാളായ എകെജിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് യുവ എം.എല്‍.എ വിടി ബല്‍റാം മാപ്പു പറയണമെന്നാണ് സോഷ്യല്‍ മീഡിയയിലുള്ള വിവാദം.

നെഹ്റു അടക്കമുള്ള കോണ്‍ഗ്രസിന്റെ അന്നത്തെ എല്ലാ നേതാക്കളും എ കെ ജിയുടെ മഹത്വം പാടി പറഞ്ഞിട്ടുണ്ട്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ ബഹുമാനിക്കുന്ന എകെജിയെ യാതൊരു പ്രകോപനവുമില്ലാതെയാണ് ബല്‍റാം സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചത്.

അതേസമയം, ഉള്ള കാര്യം പറഞ്ഞ തന്നെ കൂട്ടം കൂടി ആക്രമിച്ച് നിശബ്ദനക്കാന്‍ നോക്കണ്ട എന്നാണ് വി ടി ബല്‍റാം ഇതിനെതിരേ പ്രതികരിച്ചിരിക്കുന്നത്.