പാവങ്ങളുടെ പടത്തലവന്‍ ഉമ്മന്‍ ചാണ്ടിയാണെന്ന് വിടി ബല്‍റാം; 'സിപിഐഎമ്മിന്റെ ഗുണ്ടായിസം അംഗീകരിക്കില്ല'

കേരളത്തിലെ പാവങ്ങളുടെ പടത്തലവന്‍ ഉമ്മന്‍ ചാണ്ടിയാണെന്ന് വിടി ബല്‍റാം എം.എല്‍.എ. അദേഹത്തെ നിന്ദ്യമായ രീതിയിലാണ് സിപിഎം അപമാനിച്ചത്. സിപിഎമ്മിന്റെ ഗുണ്ടായിസത്തെ അംഗീകരിച്ചു നല്‍കില്ല. അഭിപ്രായപ്രകട സ്വാതന്ത്രത്തിനുള്ള പോരാട്ടമാണ് നടക്കുന്നത്. തൃത്താല മണ്ഡലം സിപിഎമ്മില്‍ നിന്നു പിടിച്ചെടുത്തപ്പോള്‍ തുടങ്ങിയതാണ് സിപിഎമ്മിന്റെ അസഹിഷ്ണുതയെന്നും ബല്‍റാം പറഞ്ഞു.

തൃത്താലയിലുണ്ടായ കയ്യേറ്റ ശ്രമങ്ങള്‍ക്ക് പ്രതികരണവുമായി വിടി ബല്‍റാം എം എല്‍ എ. ഗോപാലസേന ക്ക് കീഴടങ്ങില്ലന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നെ സംരക്ഷിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നന്ദിയെന്ന് ബല്‍റാം തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. നേരത്തെ ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയിലെ കൂറ്റനാട് വെച്ച് ഒരു പരിപാടിക്ക് പങ്കെടുക്കാനെത്തിയ എംഎല്‍എക്കെതിരേ സിപിഐഎം പ്രവര്‍ത്തകര്‍ കയ്യേറ്റത്തിന് ശ്രമിച്ചിരുന്നു.

എംഎല്‍എയുടെ വാഹനത്തിന് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ കല്ലേറും ചീമുട്ടയേറും നടത്തി. സംഭവത്തെ തുടര്‍ന്ന് സിപിഐഎം-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. പോലീസ് ലാത്തി വീശുകയും സ്ഥത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ബല്‍റാമിനെതിരെ പ്രതിഷേധം ഉണ്ടാവാന്‍ ഇടയുണ്ടെന്നും പൊതു പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും പോലീസ് നേരത്തെ ആവശ്യപ്പെ്ട്ടിരുന്നു. ഈ ആവശ്യം നിരാകരിച്ചാണ് എംഎല്‍എ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. എകെജിക്കെതിരായ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് ബല്‍റാമിനെതിരേ പ്രതിഷേധം ശക്തമായത്.