ബല്‍റാമിന്റെ പരാമര്‍ശം വേദനാജനകമെന്ന് എ.കെ.ജിയുടെ മകള്‍ ലൈല;’ ‘അച്ഛനും അമ്മയും പാര്‍ട്ടിക്ക് വേണ്ടിയാണ് ജീവിതം സമര്‍പ്പിച്ചത്’

Advertisement

എ.കെ.ജിയെ വി.ടി ബല്‍റാം അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി എ.കെ.ജിയുടെ മകള്‍ ലൈല കരുണാകരന്‍. അച്ഛന്‍ വിട്ടു പിരിഞ്ഞിട്ടു 40 വര്‍ഷം കഴിഞ്ഞെങ്കിലും വേദന ഇനിയും വിട്ടുമാറിയിട്ടില്ലെന്നും വി.ടി ബല്‍റാമിന്റെ പരാമര്‍ശം വേദനാജനകമാണെന്നും അവര്‍ പറഞ്ഞു.

‘അമ്മ 16 വര്‍ഷം മുന്‍പാണ് മരിച്ചത്. ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവിനെ അധിക്ഷേപിക്കുന്ന വാര്‍ത്തകള്‍ വന്നത് അങ്ങേയറ്റം വേദനാജനകമാണ്. എ.കെ.ജി പാര്‍ട്ടിയുടെ സ്വത്താണ്. അച്ഛനും അമ്മയും പാര്‍ട്ടിക്ക് വേണ്ടിയാണ് ജീവിതം സമര്‍പ്പിച്ചത്.’ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെല്ലാം വേദനയും അമര്‍ഷവുമുണ്ടെന്നും കാസര്‍ഗോഡ് എം.പി പി.കരുണാകരന്റെ ഭാര്യ കൂടിയായ ലൈല കൂട്ടിച്ചേര്‍ത്തു.

അതേസമയം തൃത്താലയില്‍ ഇറങ്ങി നടക്കാന്‍ പോലീസിന്റെ ആവശ്യമില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. തനിക്ക് ജനപിന്തുണയുണ്ട് ആ കരുത്തിലാണ് മുന്നോട്ട് പോകുന്നത്. വാക്കില്‍ തിരുത്താന്‍ പാര്‍ട്ടിയ്ക്ക് ഉത്തരവാദിത്തമുണ്ട്, അതില്‍ തനിക്ക് വിരോധമില്ല. സി.പിഐഎമ്മിന്റെ ഹുങ്ക് തന്റെ നേര്‍ക്ക് എടുക്കേണ്ടതില്ലെന്നും വി.ടി ബല്‍റാം പറഞ്ഞു. തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു ബല്‍റാം.