'കൊലപാതകം നേരിട്ട് നടത്തിയവരും ഗൂഢാലോചന നടത്തിയവരും'; ‍വിമർശനവുമായി വി.ടി ബല്‍റാം

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചനക്കേസിലെ പ്രതിയും സി.പി.ഐ.എം നേതാവുമായിരുന്ന പി.കെ കുഞ്ഞനന്തന്റെ ചരമദിനാഘോഷത്തിനെതിരെ വി.ടി ബൽറാം.

വി.ഡി സവര്‍ക്കറും ഗാന്ധി കൊലപാതക കേസിലെ പ്രതികളും ഒപ്പമുള്ള ചിത്രവും പി.കെ കുഞ്ഞനന്തന്‍ സ്മൃതി മണ്ഡപത്തില്‍ എത്തിയ ടി.പി കേസ് പ്രതി ഷാഫിയുടെ ചിത്രവും പങ്ക് വെച്ചുകൊണ്ടാണ് വിമർശനം.

കൊലപാതകം നേരിട്ട് നടത്തിയവരും ഗൂഡാലോചന നടത്തിയവരും എന്ന് വി.ടി ബൽറാം ഫെയ്സ്ബുക്കുൽ കുറിച്ചു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചനക്കേസില്‍ കോടതി ശിക്ഷിച്ച പി.കെ. കുഞ്ഞനന്തന്റെ ചരമദിനം ആചരിക്കുന്നതിലൂടെ സി.പി.ഐ.എം. പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എയും ചോദിച്ചു.

കോടതി ശിക്ഷിച്ച പ്രതി ഷാഫിയാണ് സ്മൃതി മണ്ഡപത്തിന് മുമ്പില്‍ നില്‍ക്കുന്നതെന്നും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാന്‍ ഗൂഢാലോചന നടത്തിയതിനെ പാര്‍ട്ടി മഹത്വവത്കരിക്കുന്നെന്നും വിഷ്ണുനാഥ് പറഞ്ഞു.

പി.കെ കുഞ്ഞനന്തന്റെ ഒന്നാം ചരമവാര്‍ഷികാചരണ പരിപാടിയുടെ ഭാഗമായി തയാറാക്കിയ സ്മൃതിമണ്ഡപം വെള്ളിയാഴ്ചയാണ് മുന്‍ മന്ത്രിയുടെ മുന്‍ മന്ത്രിയും സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയതത്.