അരിയില്‍ ഷുക്കൂര്‍ വധക്കേസ്: ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി പ്രതിചേര്‍ത്ത നടപടിയില്‍ രാഷ്ട്രീയം കാണേണ്ടതില്ല, നിയമത്തെ അതിന്റെ വഴിക്ക് വിടുകയാണ് വേണ്ടത്; സിപിഎം നിലപാട് തള്ളി വിഎസ്

Gambinos Ad
ript>

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയ നടപടിയില്‍ സിപിഎം നിലപാട് തള്ളി മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍. ജയരാജനെ പ്രതി ചേര്‍ത്തത് രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് വിഎസ് പറഞ്ഞു. കുറ്റപത്രത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലാ. നിയമം നിയമത്തിന്റെ വഴിക്ക് ശരിയായ ദിശയില്‍ പോകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തെ അതിന്റെ വഴിക്ക് വിടുകയാണ് വേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും വിഎസ് വ്യക്തമാക്കി.

Gambinos Ad

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും, ടി വി രാജേഷ് എം എല്‍ എയ്ക്കുമെതിരെ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി അനുബന്ധ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് സി ബി ഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ സിബിഐ നടപടി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബി ജെ പിയുടേയും കോണ്‍ഗ്രസ്സിന്റേയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു. ഈ നിലപാടാണ് വിഎസ് തള്ളിയിരിക്കുന്നത്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തിയാണ് പി ജയരാജനേയും ടി വി രാജേഷിനേയും കള്ളക്കേസില്‍ കുടുക്കി പ്രതികളാക്കിയത്. 2012 ല്‍ കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ 73 സാക്ഷി പട്ടികയടക്കം 33 പ്രതികള്‍ അടങ്ങുന്ന കുറ്റപത്രമാണ് ലോക്കല്‍ പോലീസ് സമര്‍പ്പിച്ചത്. പിന്നീട് ഷുക്കൂറിന്റെ ഉമ്മ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയെ തുടര്‍ന്നാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവുണ്ടാകുന്നത്.

ലോക്കല്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒരിടത്തും പി ജയരാജനും, ടി വി രാജേഷും ഗൂഢാലോചന നടത്തിയതായി ആക്ഷേപമില്ല. ഗൂഢാലോചന ആരോപണം സംസ്ഥാന പോലീസ് തള്ളിയതാണ്. പഴയ സാക്ഷി മൊഴികളെ തന്നെ അടിസ്ഥാനമാക്കിയാണ് പുതിയ വകുപ്പ് ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഢാലോചന ആരോപണം തെളിയിക്കുന്ന പുതിയൊരു തെളിവും പുറത്തുകൊണ്ടുവരാന്‍ സി ബി ഐ യ്ക്ക് കഴിഞ്ഞിട്ടില്ല. ഇതില്‍ നിന്നും വ്യക്തമാകുന്നത് സിപിഐഎമ്മിനെ വേട്ടയാടാന്‍ സിബിഐയെ കരുവാക്കുന്നുവെന്നാണെന്നായിരുന്നു കോടിയേരി പറഞ്ഞത്.

2012 ഫെബ്രുവരി 20നായിരുന്നു ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി.ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച കാറിന് നേരെ ആക്രമണം ഉണ്ടായി. അതിന് പിന്നാലെ ചെറിയ കലാപങ്ങള്‍ പലയിടങ്ങളിലായി നടന്നു. അതിനിടയിലാണ് എംഎസ്എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. ഷുക്കൂറിനെ പിടികൂടുകയും അദ്ദേഹത്തിന്റെ ഫോട്ടോ മൊബൈലില്‍ കൂടി അയച്ച് നല്‍കി ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ഉറപ്പാക്കി അദ്ദേഹത്തെ രണ്ടര മണിക്കൂര്‍ തടഞ്ഞുവെച്ച ശേഷം സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

302, 120 ബി എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. എംഎല്‍എ ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. കേസിന്റെ ആദ്യ ഘട്ടത്തില്‍ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ പാര്‍ട്ടിക്കാര്‍ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റമായിരുന്നു ജയരാജനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍, തുടരന്വേഷണത്തൊടുവിലാണ് ജയരാജനെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.