'ഭൂ മാഫിയകളുടെ പണക്കൊഴുപ്പിനു വിട്ടുകൊടുക്കാനുള്ളതല്ല, സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും' ഖനന നിയന്ത്രണം പിന്‍വലിച്ചതിനെതിരെ വി.എസ് അച്യുതാനന്ദന്‍

ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പാറ ഖനനം പുനസ്ഥാപിക്കാന്‍ അനുമതി നല്‍കിയ തീരുമാനത്തിനെതിരെ വി.എസ് അച്യുതാനന്ദന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ നടുക്കം വിട്ടുമാറും മുമ്പ് പാറക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കത്തിനെതിരെ വിഎസ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

“കുന്നിന്‍ മണ്ടയില്‍ ഇത്തരം വികസനം നടത്തുന്നത് നവകേരള നിര്‍മ്മാണം എന്ന കാഴ്ച്ചപ്പാടിന് വിരുദ്ധമാണ്. താഴ്വാരങ്ങളില്‍ മൃതദേഹം തിരയുന്നതിനിടയില്‍ കുന്നിന്‍ മുകളിലെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണം. ഭൂ മാഫിയകളുടെ പണക്കൊഴുപ്പിനു വിട്ടുകൊടുക്കാനുള്ളതല്ല, സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും ജീവിക്കാനുള്ള അവകാശവും” വി.എസ് കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

കേരളം രണ്ടാമത്തെ പ്രളയവും കടന്നുപോയിരിക്കുന്നു. ഇപ്പോഴും വീണ്ടെടുക്കാനുള്ള മൃതദേഹങ്ങള്‍ മണ്ണിനടിയിലാണ്. മണ്ണൊലിപ്പും ഉരുള്‍പൊട്ടലും ഉണ്ടായ മേഖലകളിലെല്ലാം കുന്നിടിക്കലിന്റേയും തടയണകളുടേയും ക്വാറികളുടേയും സാന്നിദ്ധ്യമുണ്ട് എന്നത് കേവലം യാദൃഛികമല്ലെന്നാണ് വിദഗ്ധരുടെ പ്രതികരണങ്ങളില്‍നിന്ന് കാണുന്നത്. താഴ്വാരങ്ങളിലെ കുടിലുകളും ചെറു ഭവനങ്ങളുമാണ് മാഫിയകളുടെ ആര്‍ത്തിയില്‍ ഒലിച്ചുപോയത്. കുന്നിന്‍ മണ്ടയില്‍ ഇത്തരം വികസനം നടത്തുന്നത് നവകേരള നിര്‍മ്മാണം എന്ന കാഴ്ച്ചപ്പാടിന് വിരുദ്ധമാണ്.
ഇക്കാര്യത്തില്‍ ശാസ്ത്രീയ കാഴ്ച്ചപ്പാടുയര്‍ത്തിപ്പിടിച്ച് നടപടികളിലേക്ക് കടക്കുകയാണ് ഭരണകൂടങ്ങളുടെ ചുമതല. താഴ്വാരങ്ങളില്‍ മൃതദേഹം തിരയുന്നതിനിടയില്‍ കുന്നിന്‍ മുകളിലെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണം. അത് കേരള ജനതക്ക് വേണ്ടിയാണ്; സുസ്ഥിര വികസനം എന്ന ഇടതുപക്ഷ കാഴ്ച്ചപ്പാടിനു വേണ്ടിയാണ്. ഭൂ മാഫിയകളുടെ പണക്കൊഴുപ്പിനു വിട്ടുകൊടുക്കാനുള്ളതല്ല, സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും ജീവിക്കാനുള്ള അവകാശവും.