വിനു വി. ജോണിൽ നിന്ന് സംസ്കാരം പഠിക്കേണ്ട ​ഗതികേട് കമ്മ്യൂണിസ്റ്റുകാർക്കില്ല; ഏഷ്യാനെറ്റിന് മറുപടിയുമായി ഡോ.വി.പി.പി മുസ്തഫ

ഏഷ്യാനെറ്റ് ന്യൂസ് അവർ ചാനൽ ചർച്ചക്കിടയിൽ സി.പി.ഐ.എം പ്രതിനിധി ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കുന്നു എന്ന വ്യാജേന മോശം പദപ്രയോ​ഗം നടത്തിയെന്നു പറഞ്ഞ ഏഷ്യാനെറ്റ് ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ വിനു വി. ജോണിന് മറുപടിയുമായി ഡോ. വി.പി.പി മുസ്തഫ രം​ഗത്ത്.

വിനു വി ജോണിൽ നിന്ന് സംസ്കാരം പഠിക്കേണ്ട ​ഗതികേട് കമ്മ്യൂണിസ്റ്റുകാർക്കില്ലെന്നും ഏഷ്യാനെറ്റും വിനു വി ജോണുമടങ്ങിയ അധാർമ്മികരിൽ നിന്ന് സംസ്കാരം പഠിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.ടി.ജലീലിനെതിരായ തികച്ചും അടിസ്ഥാനരഹിതമായ ചർച്ചയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് നടത്തിയത്. അങ്ങനെ ഒരു വിഷയം ചർച്ചയ്ക്ക് എടുക്കാൻ ഏഷ്യാനെറ്റിനെ പ്രേരിപ്പിച്ചതിന്റെ രാഷ്ട്രീയം വിശദീകരിക്കാനാണ് താൻ ശ്രമിച്ചതെന്നും വി.പി.പി.മുസ്തഫ പറഞ്ഞു.

അവർ മാന്യനായ പ്രവാസിയായി അവതരിപ്പിക്കുന്നയാൾ അത്തരത്തിൽ ഒരു മാന്യനല്ലെന്നും ഒരു പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ പോലും പറ്റിയ ആളല്ലെന്നും വിശദീകരിക്കേണ്ടത് സി.പി.ഐ.എമ്മിനെ പ്രതിനിധീകരിക്കുന്ന ആളെന്ന നിലയിൽ എന്റെ ചുമതലയായിരുന്നു.

അയാൾ എത്രമാത്രം സ്ത്രീവിരുദ്ധനാണ്, സാമൂഹിക വിരുദ്ധനാണ് എന്നത് സ്ഥാപിച്ചിട്ടല്ലാതെ ഈ ചർച്ച തുടരാനാകുമോ? എന്നും മുസ്തഫ ചോദിച്ചു.
യാസിർ എടപ്പാളിന്റെ ശരിയായ മുഖം പ്രേക്ഷകർക്ക് മനസിലാകാൻ അയാളുടെ പോസ്റ്റുകളിൽ ഒരെണ്ണം, അതും പൂർണമായല്ല ആദ്യത്തെ മൂന്നോ നാലോ വരികളെ ഞാൻ വായിച്ചിട്ടുള്ളൂ,

ഞാൻ ഇന്നലെ വായിച്ച യാസിർ എടപ്പാളിന്റെ വീഡിയോ വ്യാജമാണോ എന്നത് തെളിയിക്കാൻ വിനു വി ജോണിനെ വെല്ലുവിളിക്കുന്നു. നിങ്ങൾക്ക് ധാർമ്മികയുണ്ടെങ്കിൽ ആർജ്ജവമുള്ള ആളാണെങ്കിൽ തനിക്ക് അവസരം തരൂ എന്നും ഡോ. വി.പി.പി മുസ്തഫ പറയുന്നു.