സ്വസ്ഥതയോടെയും സമാധാനത്തോടെയും വീടുകളില്‍ കിടന്നുറങ്ങണോ എന്ന് വോട്ടര്‍മാര്‍ക്ക് തീരുമാനിക്കാം; കെ. സുധാകരന്‍

സ്വസ്ഥതയോടെയും സമാധാനത്തോടെയും സ്വന്തം വീടുകളില്‍ കിടന്നുറങ്ങണോയെന്ന് വിധിയെഴുതാനുള്ള അവകാശം തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്കാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നാടിനെ ആകമാനം വിറ്റും സ്വന്തം കുടുംബത്തെയും പാര്‍ട്ടിയെയും വളര്‍ത്തിക്കോളാമെന്നുള്ള സത്യപ്രതിജ്ഞ ചെയ്താണ് പിണറായി വിജയന്‍ വീണ്ടും അധികാരമേറ്റത്. മുന്‍കാലങ്ങളില്‍, തെറ്റിദ്ധരിക്കപ്പെട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്തവര്‍ തന്നെ ഇന്ന് അതോര്‍ത്ത് തല തല്ലി കരയുന്ന കാഴ്ച കേരളമാകെ നമ്മള്‍ കാണുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്വന്തം വീട്ടില്‍ നിന്ന് വലിച്ചിഴയ്ക്കപ്പെട്ട സ്ത്രീകളും, അമ്മമാരെ വലിച്ചെറിയുന്നത് കണ്ടു വിതുമ്പിയ കുഞ്ഞുങ്ങളും കേരളത്തിന് കന്നിക്കാഴ്ചയായിരുന്നു. ഇനിയുമിത് അനുവദിച്ചു കൊടുക്കണോ? രാഷ്ട്രീയ ഭിന്നിപ്പിന്റെ മാത്രം പേരില്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്യാന്‍ തീരുമാനിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍, ഓര്‍ക്കുക… നിങ്ങളിവിടെ സൃഷ്ടിക്കാന്‍ പോകുന്നത് മറ്റൊരു നന്ദിഗ്രാമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

തൃക്കാക്കരയിലെ വോട്ടര്‍മാരോട്……

ഇനിയങ്ങോട്ടുള്ള കേരളത്തിന്റെ ഭാവി നിര്‍ണ്ണയിക്കുക നിങ്ങളാണ്. നിങ്ങളില്‍ ഓരോരുത്തരുമാണ്. കേരളത്തിലെ ജനങ്ങള്‍ സ്വസ്ഥതയോടെയും സമാധാനത്തോടെയും അവരവരുടെ വീടുകളില്‍ കിടന്നുറങ്ങണോയെന്ന് വിധിയെഴുതാനുള്ള അവകാശം നിങ്ങളുടെ കൈകള്‍ക്കുണ്ട്.

പിണറായി വിജയന്‍ നയിക്കുന്ന അഴിമതിക്കാരുടെ കൂട്ടം എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് നമുക്കറിയാം. ഈ നാടിനെ ആകമാനം വിറ്റും സ്വന്തം കുടുംബത്തെയും പാര്‍ട്ടിയെയും വളര്‍ത്തിക്കോളാമെന്നുള്ള സത്യപ്രതിജ്ഞ ചെയ്താണ് പിണറായി വിജയന്‍ വീണ്ടും അധികാരമേറ്റത്. മുന്‍കാലങ്ങളില്‍, തെറ്റിദ്ധരിക്കപ്പെട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്തവര്‍ തന്നെ ഇന്ന് അതോര്‍ത്ത് തല തല്ലി കരയുന്ന കാഴ്ച കേരളമാകെ നമ്മള്‍ കാണുകയാണ്.

സ്വന്തം വീട്ടില്‍ നിന്ന് വലിച്ചിഴയ്ക്കപ്പെട്ട സ്ത്രീകളും, അമ്മമാരെ വലിച്ചെറിയുന്നത് കണ്ടു വിതുമ്പിയ കുഞ്ഞുങ്ങളും കേരളത്തിന് കന്നിക്കാഴ്ചയായിരുന്നു. ഇനിയുമിത് അനുവദിച്ചു കൊടുക്കണോ? രാഷ്ട്രീയ ഭിന്നിപ്പിന്റെ മാത്രം പേരില്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്യാന്‍ തീരുമാനിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍, ഓര്‍ക്കുക… നിങ്ങളിവിടെ സൃഷ്ടിക്കാന്‍ പോകുന്നത് മറ്റൊരു നന്ദിഗ്രാമാണ്.

നെയിം ബോര്‍ഡ് വച്ച പോലീസുകാരാണ് ഇന്നലെകളില്‍ നിങ്ങളുടെ ഉറക്കമുണര്‍ത്തി, അനുവാദമില്ലാതെ വീടിനകത്തു കയറി ആ കമ്മീഷന്‍ കുറ്റി കുത്തിയതെങ്കില്‍….. നാളെകളില്‍ ജയിലുകളില്‍ നിന്ന് കൊടി സുനിമാരെ ഇറക്കി സിപിഎം ആ കൃത്യം നിര്‍വഹിക്കും. ബംഗാളിലെ സാധാരണക്കാരെ കുടിയൊഴിപ്പിക്കാന്‍ കൈയ്യില്‍ തോക്കും കൊടുത്ത് സിപിഎം പറഞ്ഞു വിട്ടത് ഇത്തരത്തിലുള്ള ക്രിമിനലുകളെയാണ്. ഇവിടെയും അതാവര്‍ത്തിക്കപ്പെടണോ?

മുന്നണികള്‍ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമായി മാത്രം ഈ തിരഞ്ഞെടുപ്പിനെ യുഡിഎഫ് കാണുന്നില്ല. ഈ മണ്ണില്‍ ജനിച്ചു വളര്‍ന്ന ഓരോ മനുഷ്യന്റെയും നിലനില്‍പ്പിന്റെ, അവരുടെ സുരക്ഷിതത്വത്തിന്റെ, ആത്മാഭിമാനത്തിന്റെ കാര്യമാണ് ഞങ്ങള്‍ക്ക് സംസാരിക്കുവാനുള്ളത്.

തൃക്കാക്കരയിലെ ജനങ്ങള്‍ ഞങ്ങളെ കേള്‍ക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. എന്നും ജനാധിപത്യത്തിന്റെ കൂടെ അടിയുറച്ചു നിന്നൊരു മനുഷ്യന്റെ ഓര്‍മകളെ സാക്ഷിനിര്‍ത്തി കമ്മ്യൂണിസ്റ്റ് ഫാഷിസ്റ്റുകളെ നമുക്കീ മണ്ണില്‍ നിന്ന് തുരത്താം.

Read more