വിഴിഞ്ഞം പദ്ധതി സമയത്ത് പൂര്‍ത്തിയാക്കണമെന്ന് അദാനിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കടകംപള്ളി

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് അദാനിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് സമയത്ത് തീര്‍ത്തില്ലെങ്കില്‍ സര്‍ക്കാരിന് അദാനിയില്‍ നിന്ന് ആ നഷ്ടം നികത്തേണ്ടി വരുമെന്നും കടകംപള്ളി പറഞ്ഞു.

“”കാലതാമസം വന്നാല്‍ അദാനിയുടെ മേല്‍ ചുമത്തേണ്ടതായിട്ടുള്ള നടപടികളുണ്ട്. കൃത്യസമയത്ത് ഇത് പൂര്‍ത്തിയാക്കാനുള്ള നടപടികളുണ്ടാകണമെന്ന കര്‍ശനമായ നിര്‍ദേശം സര്‍ക്കാര്‍ അദാനി പോര്‍ട്‌സിന് നല്‍കിയിട്ടുണ്ട്. എല്ലാ മാസവും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇത് നിരീക്ഷിക്കുന്നുണ്ട്. അവശ്യം വേണ്ട പാറ കിട്ടാത്ത പ്രശ്‌നമുണ്ടായിരുന്നു. ഇത് കാരണം പദ്ധതി അല്‍പം വൈകിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്ന് പാറ കൊണ്ടുവരുന്നത് അതേ സംസ്ഥാനത്ത് നിന്ന് തന്നെ തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ഇപ്പോഴത് പരിഹരിച്ചിട്ടുണ്ട്. കൃത്യസമയത്ത് വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കുക എന്നത് സര്‍ക്കാരിന്റെ ഒരു പ്രഖ്യാപിതലക്ഷ്യമാണ്. അത് പൂര്‍ത്തിയാക്കും””, കടകംപള്ളി വ്യക്തമാക്കി.

ബുധനാഴ്ചയോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മ്മാണത്തിനുള്ള കരാര്‍ കാലാവധി അവസാനിച്ചിരുന്നു. പണി തീരാന്‍ അടുത്ത വര്‍ഷം ഡിസംബര്‍ വരെയെങ്കിലും സമയമെടുക്കുമെന്നാണ് അദാനിയുടെ നിലപാട്. കരാര്‍ ലംഘിച്ചാല്‍ നഷ്ടപരിഹാരം ഈടാക്കാമെങ്കിലും നയപരമായ തീരുമാനമെടുക്കാതെ സര്‍ക്കാറും മെല്ലെപ്പോക്കിലാണ്.

പൈലിംഗും ഡ്രഡ്ജിംഗ് ഒക്കെ പുരോഗമിക്കുമ്പോഴും പ്രധാനമായ പുലിമുട്ട് നിര്‍മ്മാണം തീര്‍ന്നത് വെറും 20 ശതമാനം. പാറക്കല്ല് കിട്ടാനില്ലെന്ന് പറഞ്ഞ് അദാനി ഗ്രൂപ്പ് മെല്ലെപ്പോക്ക് തുടരുന്നു. അടുത്ത ഡിസംബറില്‍ തീരുമെന്ന് അദാനി പറയുമ്പോഴും സര്‍ക്കാര്‍ ഇത് വരെ കാലാവധി നീട്ടിയിട്ടില്ല.

ഓഖിദുരന്തം അടക്കമുള്ള പല കാരണം പറഞ്ഞ അദാനി സമയം നീട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. വ്യവസ്ഥ പ്രകാരമുള്ള ഇനിയുള്ള 3 മാസം സര്‍ക്കാറിന് അദാനി നഷ്ടപരിഹാരം നല്‍കേണ്ട. പക്ഷെ 3 മാസം കഴിഞ്ഞാല്‍ പിന്നെ ഒരോ ദിവസവും 12 ലക്ഷം രൂപ വെച്ച് നഷ്ടപരിഹാരമായി സര്‍ക്കാറിന് നല്‍കണം.

നിയമസഭാ തെരഞ്ഞെടുപ്പ് വരും മുമ്പെങ്കിലും കപ്പലെത്തണമെന്നാണ് സര്‍ക്കാറിന്റെ ഇപ്പോഴത്തെ മോഹം. അതിനാല്‍ തന്നെ അദാനിയെ പിണക്കാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല.