വിഴിഞ്ഞം തുറമുഖപദ്ധതി; നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അദാനി ഗ്രൂപ്പ്

കേരളത്തിന്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞം തുറമുഖപദ്ധതിയുടെ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നതിനിടെ, പദ്ധതി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കരാറുകാരായ അദാനി പോര്‍ട്‌സ് ലിമിറ്റഡ് സര്‍ക്കാരിനെ സമീപിച്ചു. പദ്ധതി പൂര്‍ത്തിയാക്കാന്‍ 2021 മാര്‍ച്ച് 31വരെ വേണമെന്നാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യം. ഓഖി ചുഴലിക്കാറ്റ്, പാറയും മണലും അടക്കമുളള അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമത്തെ തുടര്‍ന്ന് ആയിരം ദിവസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന കരാര്‍ വ്യവസ്ഥയില്‍ ഇളവ് നല്‍കിയിരുന്നു. ഈ കാലവാധി ഓഗ്‌സ്റ്റ് 31ന് അവസാനിച്ചതിനെ തുടര്‍ന്നാണ് സമയം നീട്ടിനല്‍കണമെന്ന ആവശ്യവുമായി അദാനി ഗ്രൂപ്പ് വീണ്ടും സര്‍ക്കാരിനെ സമീപിച്ചു. തിങ്കളാഴ്ച ചേരുന്ന വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം വിഷയം ചര്‍ച്ച ചെയ്യും. ഒരുതവണ കാലാവധി നീട്ടിക്കൊടുത്തതിനാല്‍ വീണ്ടും സമയം നീട്ടിനല്‍കുന്നതില്‍ സര്‍ക്കാരില്‍ ഭിന്നാഭിപ്രായം ഉണ്ട്.

ബ്രേക്ക് വാട്ടര്‍(പുലിമുട്ട്) കണ്ടെയ്‌നര്‍ വാര്‍ഫ് നിര്‍മ്മാണം, ഡ്രഡ്ജിങ്ങ്, കണ്ടെയ്‌നര്‍ യാര്‍ഡ്,ഫിഷറീസ് ഹാര്‍ബര്‍ എന്നിവയുടെ നിര്‍മ്മാണമാണ് പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ഓഗസ്റ്റ് 31ന് തീരേണ്ടിയിരുന്നത്. എന്നാല്‍ കണ്ടെയ്‌നര്‍ വാര്‍ഫിന്റെ പൈലിങ്ങ് മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. 615 പൈലിങ്ങാണ് വാര്‍ഫിന് വേണ്ടിയിരുന്നത്.ബാക്കിയുളളവ നിര്‍മ്മാണങ്ങള്‍ പകുതിപോലുമായിട്ടില്ല. 3102 മീറ്റര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മ്മിക്കേണ്ടിടത്ത് 565 മീറ്റര്‍ മാത്രമേ നിര്‍മ്മിക്കാനായിട്ടുളളു.അതായത് മൊത്തം ദൂരത്തിന്റെ 18ശതമാനം. 53 ഹെക്ടര്‍ പ്രദേശമാണ് ഡ്രഡ്ജ് ചെയ്യേണ്ടിയിരുന്നത്. അതില്‍ 33 ഹെക്ടറില്‍ മാത്രമേ ആഴം കൂട്ടല്‍ പൂര്‍ത്തിയാക്കാനായുളളു. 380000 സ്‌ക്വയര്‍മീറ്റര്‍ കണ്ടെയ്‌നര്‍ യാര്‍ഡാണ് തുറമുഖത്തിനായി ക്രമീകരിക്കുന്നത്. എ്ന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയായത് 7571 സ്‌ക്വയര്‍ മീറ്റര്‍ മാത്രം. ആകെ വേണ്ടതിന്റെ രണ്ട് ശതമാനം മാത്രമാണിത്. 500 മീറ്റര്‍ നീളത്തില്‍ ഫിഷറീസ് ഹാര്‍ബര്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും ഒരുമീറ്റര്‍ പോലും നിര്‍മ്മിക്കാനായിട്ടില്ല. ഡയറക്ടര്‍ ബോര്‍ഡിന്റെ അജണ്ട വിശദീകരിച്ചുകൊണ്ട് അംഗങ്ങള്‍ക്ക് നല്‍കാന്‍ തയാറാക്കിയ കുറിപ്പിലാണ് ഇഴഞ്ഞുനീങ്ങുന്ന തുറമുഖ നിർമ്മാണത്തിന്റെ സമഗ്രവിവരങ്ങളുളളത്.

നിര്‍മ്മാണത്തിനുളള കാലാവധി നീട്ടിനല്‍കണമെന്ന ആവശ്യത്തില്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ചർച്ചക്ക് വരുമെങ്കിലും അപ്പോള്‍ത്തന്നെ തീരുമാനത്തിന് സാധ്യതയില്ല. 1000 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ല്ക്ഷ്യമിട്ട പദ്ധതി ആറുമാസത്തിലേറെ നീട്ടിനല്‍കിയിട്ടും പൂര്‍ത്തിയാകാത്തത് സര്‍ക്കാരിന്റെയും ഉത്തരം മുട്ടിക്കുന്നുണ്ട്. കരാര്‍ വ്യവസ്ഥകളെ പ്രതിപക്ഷത്തിരിക്കെ കഠിനമായി എതിര്‍ത്തിട്ടും ഭരണത്തില്‍ വന്നപ്പോള്‍ അതില്‍ ഒന്നും ചെയ്തില്ലെന്ന ആക്ഷേപം സര്‍ക്കാര്‍ നേരിടുന്നുണ്ട്. മുഖം രക്ഷിക്കാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഇന് വീണ്ടും സ്മയം നീട്ടിനല്കിയാല്‍ അത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണെന്ന ആരോപണം ക്ഷണിച്ചുവരുത്തുമെന്നാണ് ഭരണതലത്തിലുളള ഒരഭിപ്രായം. അതുകൊണ്ടുതന്നെ നയപരമായ തീരുമാനം എടു്ക്കാനായി വിഷയം മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വിട്ടേക്കും. പുലിമുട്ട് നിർമ്മാണത്തിന് ആവശ്യമായ പാറകിട്ടാത്തതും ഓഖി ചുഴലിക്കാറ്റില്‍ നിര്‍മ്മാണം നടത്തിയ പ്രദേശം യന്ത്രസാമഗ്രികളോടൊപ്പം ഒലിച്ചുപോയതുമാണ് പണി നീളാന്‍ കാരണമായി അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്. പാറ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടിട്ടും ഫലവത്തായില്ല. ഫിഷറീസ് ഹാര്‍ബര്‍ നിര്‍മ്മാണത്തിന് പളളികമ്മിറ്റി തടസം നില്‍ക്കുന്നുവെന്നും അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കരാറുകാര്‍ ചൂണ്ടിക്കാട്ടുന്ന ഈ വിഷയങ്ങള്‍ ന്യായമാണെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. അക്കാര്യം മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്.