വിസ്മയ കേസ്; സെഷൻസ് കോടതി വിധിക്ക് എതിരെ കിരൺ കുമാർ ഹൈക്കോടതിൽ

കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ വിസ്മയ കേസ് പ്രതി കിരൺ കുമാർ ഹൈക്കോടതിയെ സമീപിച്ചു. വേണ്ടത്ര തെളിവുകൾ ഇല്ലാതെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചതെന്നാണ് കിരണിന്‍റെ വാദം. അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.

കേസിൽ കിരൺ കുമാര്‍ 10 വർഷം കഠിന തടവ് അനുഭവിക്കണമെന്നും പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണമെന്നുമായിരുന്നു വിചാരണക്കോടതി ഉത്തരവിട്ടത്. വിവിധ വകുപ്പുകളിലായി 25 വർഷം തടവ് പ്രതിക്ക് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും ഉത്തരവിലുണ്ടായിരുന്നു.

2021 ജൂണിലാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്ന് വിസ്മയുടെ കുടുബാംഗങ്ങൾ പറഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്. കിരണിന്റെ വീട്ടിൽ നിർത്തിയാൽ തന്നെ ഇനി കാണില്ലെന്ന് പൊട്ടി കരഞ്ഞ് പറയുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളേജിൽ നിന്നുമാണ് വീണ്ടും കിരൺ കൂട്ടിക്കൊണ്ട് പോയത്. ശേഷമായിരുന്നു ആത്മഹത്യ നടന്നത്.