ആ കണ്ണുനീര്‍ കള്ളന്റെ പോലും മനസ്സലിയിച്ചു; വിഷ്ണുവിന് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെകിട്ടി, ബാഗ് വടക്കുന്നാഥ മുറ്റത്ത്

മോഷണം പോയ ബാഗില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളാണെന്ന് പറഞ്ഞുള്ള വിഷ്ണുവിന്റെ കരച്ചില്‍ കള്ളന്റെ പോലും മനസലയിച്ചു. ഫോണും വസ്ത്രങ്ങളും അടങ്ങിയ ബാഗ് കള്ളന്‍തന്നെയെടുത്തെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ കള്ളന്‍ മൈതാനത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയലുകള്‍ കിട്ടിയത്.

കഴിഞ്ഞ ദിവസമാണ് ഗൂഡല്ലൂര്‍ സ്വദേശി വിഷ്ണു പ്രസാദിന്റെ സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്നതിനായി റെയില്‍വെ സ്റ്റേഷനില്‍ കാത്തിരിക്കുന്ന സമയത്താണ് ബാഗ് മോഷണം പോയത്. ഏഴു വര്‍ഷത്തെ സാധാരണ ജോലിക്ക് ശേഷം ജര്‍മന്‍ കപ്പലില്‍ ലഭിച്ച മികച്ച ശമ്പളമുള്ള ജോലിക്ക് വേണ്ട ആവശ്യത്തിന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പോകുന്ന സമയത്താണ് മോഷണം നടന്നത്. ഉടന്‍ തന്നെ റെയില്‍വെ പൊലീസില്‍ അറിയിച്ചെങ്കിലും റെയില്‍ വേ അധികൃതര്‍ കൈമലര്‍ത്തി. സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതും വിഷ്ണുവിന് തിരിച്ചടിയായി.

നാല് ദിവസമായി നഗരത്തില്‍ സര്‍ട്ടിഫിക്കറ്റ് അന്വേഷിച്ചുള്ള അലച്ചിലിലായിരുന്നു വിഷ്ണു. ഇതിനിടയിലാണ് മാധ്യമങ്ങളെ കണ്ട് വിഷ്ണു തന്റെ സങ്കടം പങ്കുവെച്ചത്. ഏറെ വൈകാതെ തന്നെ വിഷ്ണുവിന്റെ ആവശ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നിരവധി ചലച്ചിത്ര താരങ്ങളും വിഷ്ണുവിന് സഹായവുമായി രംഗത്തുവന്നു. നടന്‍മാരായ സണ്ണി വെയിന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ സഹായം അഭ്യര്‍ഥിച്ചത്. ഈ അഭ്യര്‍ത്ഥനകള്‍ക്കെല്ലാമുള്ള അന്ത്യമാണ് വിഷ്ണുവിന് ഒടുവില്‍ തിരികെ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍.

Read more

തൃശൂര്‍ തളിക്കുളം സ്വദേശികളായ ഇമ്രാനും ഷാഹിദും മൈതാനത്ത് നടക്കുമ്പോഴാണ് രണ്ടു ഫയലുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. സര്‍ട്ടഫിക്കറ്റുകള്‍ പരിശോധിച്ചപ്പോള്‍ വിഷ്ണുവിന്റേതുതന്നെ. ഉടനെ, വിഷ്ണുവിന്റെ ഫോണില്‍ വിളിച്ച് കാര്യമറിയിക്കുകയായിരുന്നു. കള്ളന്‍ തകര്‍ത്ത ജീവിതം വീണ്ടും തിരിച്ചുകിട്ടിയതിന്റെ ആഹ്‌ളാദത്തിലാണ് വിഷ്ണു.