നാളികേരത്തിലും കീടനാശിനിയോ? സോഷ്യല്‍മീഡിയയിലെ പ്രചരണം വ്യാജം, യഥാര്‍ഥത്തില്‍ സംഭവിച്ചത്

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ നാളികേരത്തിന്റെ വലിപ്പം കൂടാന്‍ വേരിലൂടെ കീടനാശിനി കയറ്റുന്നുണ്ടെന്നും ഇളനീര് കുടിച്ചാല്‍ കാന്‍സര്‍ വരുമെന്നും വിശദീകരിക്കുന്ന വീഡിയോ കുറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണ്.

സംഭവം നടന്നത് തമിഴ്‌നാട്ടിലുമല്ല. തൃശൂര്‍ ജില്ലയിലെ താന്ന്യത്തെ കര്‍ഷകര്‍ തെങ്ങുകളുടെ ആരോഗ്യം പരിപോഷിപ്പിക്കാന്‍ കൃഷിഭവന്റെ നിര്‍ദ്ദേശാനുസരണം ചെയ്ത പരീക്ഷണമാണ് സമൂഹികമാധ്യമങ്ങളില്‍ വിഷചികിത്സയായി പ്രചരിക്കപ്പെട്ടത്. തെങ്ങിന്റെ വേരില്‍ രാസവസ്തുക്കള്‍ കെട്ടി വച്ച് മണ്ണില്‍ മൂടുന്ന പരീക്ഷണത്തെയാണ് വീഡിയോ സഹിതം കാന്‍സറിന് കാരണമാകുന്ന കീടനാശിനി കെട്ടിവക്കുന്നു എന്ന രീതിയില്‍ വ്യാജപ്രചരണം നടത്തിയത്.

താന്ന്യത്തെ നാളികേര കൃഷി നടത്തുന്ന ചില പ്രദേശങ്ങളിലെ മണ്ണില്‍ അവശ്യമൂലകങ്ങളുടെ അഭാവമുള്ളതായി കണ്ടെത്തി. തുടര്‍ന്ന് കൃഷിഭവന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ബോറോണ്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ ലായനി വേരില്‍ കെട്ടിവെച്ചത്. കൃഷി ഭവന്റെ ആത്മ പദ്ധതിയില്‍പ്പെടുന്ന പരീക്ഷണമാണിത്. കാര്‍ഷിക സര്‍വകലാശാലയുടെ നിരീക്ഷണത്തോടെയാണ്  ഇത് ചെയ്യുന്നത്.

Read more

മൂലകങ്ങളുടെ കുറവ് കായ്ഫലത്തെയും തെങ്ങിന്‍റെ ആരോഗ്യത്തെയും ബാധിച്ചപ്പോഴാണ് ഇങ്ങനൊരു പരീക്ഷണം ആരംഭിച്ചത്. മൂന്നു മാസത്തിലൊരിക്കല്‍ മൂലകങ്ങള്‍ അടങ്ങിയ ലായനി കെട്ടിവെക്കുകയാണ് വേണ്ടത്.  ഇതിന്‍റെ വീഡിയോയാണ് കരിക്കിന് മധുരം കൂടാനുള്ള കീടനാശിനി പ്രയോഗമാണെന്ന രീതിയില്‍ പ്രചരിച്ചത്.