അരൂരില്‍ തിരഞ്ഞെടുപ്പുചട്ടം ലംഘിച്ച് റോഡ് നിര്‍മ്മാണം; ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

അരൂര്‍ മണ്ഡലത്തിലെ റോഡ് നിര്‍മ്മാണം തിരഞ്ഞെടുപ്പുചട്ടം ലംഘിച്ചു എന്നുകാട്ടി ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം. ലിജു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.

അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ ഇടയാക്കിയ എരമല്ലൂര്‍- പാറായിക്കവല റോഡിന്റെ പണി ആരംഭിച്ചത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമാണെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.

റോഡിന്റെ ടെന്‍ഡര്‍ രേഖകളില്‍ സെപ്റ്റംബര്‍ 28-നാണ് പണി തുടങ്ങാന്‍ അനുമതി നല്‍കിയതെന്ന് കാണിക്കുന്നു. സെപ്റ്റംബര്‍ 21-നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നത്. എന്നാല്‍ സെപ്റ്റംബര്‍ 10-ന് മുമ്പ് കരാറുകാരനു പണി അനുവദിച്ചെന്നും 18-ന് കരാര്‍ വെച്ചുമെന്നുമാണ് പൊതുമരാമത്ത് അധികൃതര്‍ പറയുന്നത്.

മരാമത്ത് അധികൃതര്‍ പറയുന്നത് ശരിയാണെങ്കില്‍ പണി അനുവദിക്കുന്നതിന് മുമ്പു തന്നെ പണി ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 27-ന് രാത്രി പണി നടക്കുമ്പോഴാണ് ഷാനിമോള്‍ ഉസ്മാനും യു.ഡി.എഫ് സംഘവും നിര്‍മ്മാണം തടഞ്ഞതും ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതും.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉടനടി ഉത്തരവിറക്കണമെന്നും പരാതിയില്‍ പറയുന്നു.